Skip to main content
ന്യൂഡല്‍ഹി

aravind kejriwalനരേന്ദ്ര മോഡിയുടെ പണം വാങ്ങി മോഡിയെ പുകഴ്ത്തുന്ന വാര്‍ത്തകളുമായി മാധ്യമങ്ങള്‍ എത്തുകയാണെന്ന ആരോപണവുമായി അരവിന്ദ് കേജ്രിവാൾ വീണ്ടും രംഗത്ത്. ബംഗലൂരില്‍ നടക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ നേതാവുമായ കേജ്രിവാൾ. ഗുജറാത്തിലെ വികസനത്തെ കുറിച്ചുള്ള സത്യാവസ്ഥ പുറത്തു വിടാൻ മാധ്യമങ്ങൾക്ക് ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

 

മാധ്യമങ്ങളെ മുഴുവൻ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വിലക്ക് വാങ്ങിയെന്നും ആം ആദ്മി പാർട്ടി അധികാരത്തിൽ വരികയാണെങ്കിൽ കുറ്റക്കാരായ മുഴുവന്‍ മാധ്യമ പ്രവർത്തകരെയും ജയിലിലടക്കുമെന്നും മാധ്യമങ്ങള്‍ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് കേജ്രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പേരിൽ അദ്ദേഹത്തിന് കോൺഗ്രസിന്റേയും ബി.ജെ.പിയുടേയും വിമർശനം നേരിടേണ്ടി വന്നിരുന്നു.

 

ഗുജറാത്തിലെ വികസനത്തെ കുറിച്ച് മാധ്യമങ്ങൾ പെരുപ്പിച്ച് വാർത്തകൾ നൽകുകയാണ്. മാധ്യമങ്ങൾ സത്യം മറച്ചു വച്ച് മോഡിക്ക് സേവ ചെയ്യുകയാണ്. ഏത് മാധ്യമത്തിനാണ് ഗുജറാത്തിലെ യഥാര്‍ത്ഥ അവസ്ഥ തുറന്നു പറയാന്‍ കഴിവുള്ളതെന്നും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണെന്നും മാധ്യമങ്ങൾ അതിനു കൂട്ടുനില്‍ക്കുകയാണെന്നും കേജ്രിവാൾ ആരോപിച്ചു. അവിടെ മോഡി നടപ്പാക്കിയ വികസനത്തെ കുറിച്ച് യഥാർത്ഥ വസ്തുത പുറത്തുവിടാമോ എന്ന് ചോദിച്ചാൽ മാദ്ധ്യമങ്ങൾക്ക് ഉത്തരംമുട്ടുമെന്നും കേജ്രിവാള്‍ പറഞ്ഞു

.

ഗുജറാത്തിലെ കര്‍ഷകരുടെ സംരക്ഷനാണ് താന്‍ എന്ന് മോഡി പ്രഖ്യാപിക്കുമ്പോള്‍ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് ഗുജറാത്തിലെ വര്‍ദ്ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകളെക്കുറിച്ച് അറിയാതെ പോകുന്നത് എന്നും കേജ്രിവാൾ ചോദിച്ചു.മോഡിയുടെ പണം വാങ്ങി വാര്‍ത്തകള്‍ കൊടുക്കുന്ന ചാനലുകള്‍ ഏതോക്കെയാണെന്ന ചോദ്യത്തിന് പക്ഷെ അദ്ദേഹം മറുപടി നല്‍കിയില്ല.