Skip to main content
ഗുജറാത്ത്

modi-kejriwalഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയെ കാണാന്‍ ഗാന്ധി നഗറിലെ വീട്ടില്‍ എത്തിയ ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ വാഹനം ഗുജറാത്ത് പോലീസ് തടഞ്ഞു. അനുമതി വാങ്ങാതെയാണ് മോഡിയുടെ വസതിയില്‍ കൂടിക്കാഴ്ചക്കായി അരവിന്ദ് കെജ്‌രിവാളും, മനീഷ് സിസോദിയയും എത്തിയതെന്ന്‍ ഗുജറാത്ത് പോലീസ് അറിയിച്ചു. ഔദ്യോഗികമായ അനുമതി ലഭിച്ചാല്‍ മാത്രമേ ഇരുവരെയും അകത്തുകടത്തി വിടാന്‍ കഴിയുമായിരുന്നുള്ളുവെന്ന്‍ പോലീസ് വ്യക്തമാക്കി.പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അരമണിക്കൂറോളം കെജ്രിവാള്‍ റോഡില്‍ തന്നെ നിന്നു.  

 

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ വികസനവാദങ്ങള്‍ പരിശോധിക്കാനായാണ് കെജ്‌രിവാള്‍ ഗുജറാത്തിലെത്തിയത്. കെജ്‌രിവാളിനൊപ്പം മനീഷ് സിസോദിയയും സഞ്ജയ് സിംഗും ഗുജാത്ത് സന്ദര്‍ശിക്കുന്ന ആം ആദ്മി സംഘത്തിലുണ്ട്. അനുമതി കൂടാതെ റോഡ് ഷോ നടത്താന്‍ ശ്രമിച്ചെന്ന പേരില്‍ വടക്കന്‍ ഗുജറാത്തിലെ രഗന്‍പൂരില്‍ വെച്ച് ഇന്നലെ കെജ്‌രിവാളിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആം ആദ്‌മി പ്രവർത്തകർ ബുധനാഴ്‌ച ഡൽഹി അശോകാ റോഡിലുള്ള ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ പ്രകടനം അക്രസാസക്തമാകുകയും അവസാനം അരവിന്ദ് കേജ്‌രിവാൾ മാപ്പ് പറയുകയും ചെയ്തിരുന്നു. കൂടാതെ മനീഷ് സിസോദിയ സഞ്ചരിച്ച കാര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തല്ലി തകര്‍ക്കുകയും ചെയ്തിരുന്നു.

 

നാലു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് കെജ്‌രിവാളും സംഘവും ഗുജറാത്തിലെത്തിയത്. ഇത്തരം പ്രവൃത്തികളിലൂടെ ഗുജറാത്തിലെ അഴിമതി മറച്ചുവെക്കാമെന്ന് ബി.ജെ.പി നേതാക്കള്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ സാധാരണ ഗുജറാത്തികളുടെ ശക്തിയെ വിലകുറച്ചുകാണുകയാണെന്നും മനീഷ് സിസോദിയ കുറ്റപ്പെടുത്തി.