Skip to main content
ന്യൂഡല്‍ഹി

Kejriwal-binnyഅരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും, അടിസ്ഥാനതത്വത്തില്‍ നിന്ന് വ്യതിചലിക്കുന്നുവെന്നും എം.എല്‍.എ വിനോദ് കുമാര്‍ ബിന്നി. ആം ആദ്മി പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണ്.

 

തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിച്ചില്ല.ദിവസേന 700 ലിറ്റര്‍ വെള്ളം വിതരണം ചെയ്യമെന്ന് പറഞ്ഞത് വെറും വാക്കായി. വൈദ്യുത ബില്ലിന്‍റെ കാര്യവും അതുപോലെ തന്നെ. നിജസ്ഥിതി അറിയണമെങ്കില്‍ ഡല്‍ഹിയിലെ സാധാരണജനങ്ങളോട് ചോദിച്ചാല്‍ മതിയെന്ന് ബിന്നി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

 

തന്നെ മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി ഡല്‍ഹിയില്‍ ജയിച്ചത്. ഉപയോഗിച്ച ശേഷം പുറന്തള്ളുകയാണ് പാര്‍ട്ടി ചെയ്യുന്നത്. ഹസാരെയെയും കിരണ്‍ ബേദിയേയും ഇത്തരത്തിലാണ് ഉപയോഗിച്ചത്. സ്ത്രീസുരക്ഷയെ വീമ്പിളക്കിയ മുഖ്യമന്ത്രിയും മന്ത്രിമാരും സമീപകാല സ്ത്രീപീഡനങ്ങളെ കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ലെന്നും ബിന്നി ചോദിച്ചു. 

 

കോണ്‍ഗ്രസ് മുന്‍ പ്രവര്‍ത്തകന്‍ കൂടിയായ ബിന്നി, മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നേരത്തേയും ആം ആദ്മി പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം, ലോക്‌സഭാ സീറ്റ് നല്‍കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് ബിന്നി പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന്  അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മന്ത്രിസ്ഥാനമാണ് ബിന്നി ആദ്യം ആവശ്യപ്പെട്ടത്. ഇപ്പോള്‍ ലോക്‌സഭാ സീറ്റും ചോദിച്ചു. സിറ്റിങ് എം.എല്‍.എമാര്‍ക്ക് ലോക്‌സഭാ സീറ്റ് നല്‍കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് കെജ്രിവാള്‍ കഴിഞ്ഞ ദിവസം  പറഞ്ഞു.

 

ആം ആദ്മി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ പാലിച്ചില്ലെങ്കില്‍ ജനുവരി 27 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും വിനോദ് ബിന്നി പറഞ്ഞു