40000 സൈനികര്‍ അടങ്ങുന്ന പര്‍വ്വത ആക്രമണ സേനക്ക് രൂപം നല്കാന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയുടെ അനുമതി. ഇന്ത്യയുടെ ചൈനാ അതിര്‍ത്തിയില്‍ അധികമായി വിന്യസിക്കുന്ന ഈ സേനക്കായി അടുത്ത ഏഴു വര്‍ഷത്തേക്ക് പ്രതിരോധ മന്ത്രാലയം 64000 കോടി രൂപ മാറ്റിവക്കും. പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കരസേനാ മേധാവി ജനറല്‍ ബിക്രം സിങ്, വ്യോമസേനാ മേധാവി മാര്‍ഷല്‍ എന്‍.എ.കെ ബ്രൗണ്‍ എന്നിവരും പങ്കെടുത്തു.
പശ്ചിമ ബംഗാളിലെ പനഗഡ് ആയിരിക്കും പുതിയ സേനാവിഭാഗത്തിന്റെ ആസ്ഥാനം. ബീഹാര്‍, അരുണാചല്‍ പ്രദേശ്, ആസാം, ലഡാക്ക് എന്നിവിടങ്ങളിലായിരിക്കും മറ്റു കേന്ദ്രങ്ങള്‍. പനഗഡില്‍ വ്യോമസേന ആറ് മിഡ് എയര്‍ റീഫ്യുവലിങ് ടാങ്കുകളും ആറ് സി130 ജെ സൂപ്പര്‍ ഹെര്ക്യൂപസ് ഹെലികോപ്ടറുകളും വിന്യസിക്കും.
ഹിമാലയ മേഖലയില്‍ 4,000 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിക്കുന്ന പുതിയ സേനാവിഭാഗത്തിലെ സൈനികര്‍ പര്‍വ്വത പ്രദേശങ്ങളിലെ യുദ്ധത്തിന് പ്രത്യേക പരിശീലനം ലഭിച്ചവരാകും. മിസൈല്‍, ഫൈറ്റര്‍ വിമാനങ്ങള്‍ എന്നിവയും ക്ഷമത വര്‍ദ്ധിപ്പിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന ഇതിനകം നടത്തിയിട്ടുള്ള സൈനിക ആധുനികവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തിലാണ് വര്‍ഷങ്ങളായി സൈന്യം മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദ്ദേശം ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. പുതിയ സേനാവിഭാഗം രൂപീകരിക്കുന്നതിന് വേണ്ടിവരുന്ന വന്‍ സാമ്പത്തിക ചിലവാണ് സര്‍ക്കാറിനെ പദ്ധതി പരിഗണിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നത്.
