Skip to main content
ന്യൂഡല്‍ഹി

rahul gandhiകോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമാനാപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച സ്വകാര്യ വിമാനവും വ്യോമസേനാ വിമാനവും ഒരേ സമയം റണ്‍വേയിലെത്തുകയായിരുന്നു. ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലാണ് കൂട്ടിയിടി ഒഴിവാക്കിയത്.

 

ലാന്‍ഡിങ്ങിന് അനുമതി കിട്ടി രാഹുല്‍ സഞ്ചരിച്ചിരുന്ന വിമാനം റണ്‍വേയില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ വ്യോമസേനയുടെ ല്യൂഷിന്‍ വിമാനവും അതേ റണ്‍വേയിലുണ്ടായിരുന്നു. അനുവദിച്ച സമയം കഴിഞ്ഞിട്ടും വ്യോമസേന വിമാനം ടേക് ഓഫ് ചെയ്യാതിരുന്നതാണ് വലിയൊരു അപകടത്തിന്റെ വക്കില്‍ കാര്യങ്ങളെത്തിച്ചത്.

 

രാഹുലിന്റെ വിമാനം ഇറങ്ങുന്നതിന് തൊട്ടുമുന്‍പാണ് വ്യോമസേനയുടെ വിമാനം റണ്‍വേയില്‍ തന്നെയാണെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മനസ്സിലാക്കിയത്. ഉടന്‍  എയര്‍ ട്രാഫിക് കണ്‍ട്രോള്‍ രാഹുലിന്റെ വിമാനത്തിന്റെ പൈലറ്റിനോട് അവസാന നിമിഷം ലാന്‍ഡിങ് ഒഴിവാക്കി പറക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് വലിയ ദുരന്തം ഒഴിവായത്. സംഭവത്തെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.