ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി വീണ്ടും പരസ്യമായി രംഗത്ത് വന്നു. തെലുങ്കാന സംസ്ഥാന രൂപീകരണ ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച കിരണ്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെ ശനിയാഴ്ച വിമര്‍ശിച്ചത്.
കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് സംസ്ഥാനത്തെ വിഭജിക്കുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവ് കൂടിയായ കിരണ്‍ ആരോപിച്ചു. തെലുങ്കാന ബില്‍ നിയമസഭയില്‍ പരാജയപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭ അംഗീകരിക്കാത്ത ബില്‍ പാര്‍ലിമെന്റ് എങ്ങനെ പാസാക്കുമെന്ന്‍ നോക്കാമെന്നും കിരണ്‍ പറഞ്ഞു. വിജയവാഡയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വിഭജനത്തിന് എതിരായ നിലപാടാണ് തുടക്കം മുതല്‍ കിരണ്‍ കുമാര്‍ റെഡ്ഡി സ്വീകരിക്കുന്നത്.
