Skip to main content
ന്യൂഡല്‍ഹി

ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിവരാവകാശ പ്രവര്‍ത്തകനായ ദേബാശിഷ് ആണ് സച്ചിന് ഭാരതരത്‌ന നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് തന്നെ നോമിനേറ്റ് ചെയ്തിട്ടുള്ള എം.പിയായ സച്ചിന് ഭാരതരത്‌ന നല്‍കിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

 

സച്ചിന്റെ വിടവാങ്ങല്‍ ദിവസമായിരുന്ന ശനിയാഴ്ചയായിരുന്നു കേന്ദ്രസര്‍ക്കാര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും സി.എന്‍.ആര്‍ റാവുവിനും ഭാരതരത്‌ന പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെക്കൊണ്ട് സച്ചിന് പുരസ്‌കാരം നല്‍കിച്ചു എന്നൊരു ആരോപണവും നിലവിലുണ്ട്.  

 

ഇതിനിടെ സച്ചിനല്ല ധ്യാന്‍ചന്ദിനായിരുന്നു ഭാരതരത്‌ന പുരസ്‌കാരം നല്‍കേണ്ടിയിരുന്നതെന്ന്‌ പറഞ്ഞ് ജെഡി(യു) എം.പി ശിവാനന്ദ്‌ തിവാരി രംഗത്തെത്തി. മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാനും ധ്യാന്‍ചന്ദിന്‌ ഭാരതരത്‌ന പുരസ്‌കാരം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടു. കായിക താരങ്ങള്‍ക്ക് കൂടി ഭാരത് രത്ന നല്‍കാന്‍ കഴിയും വിധം 2011-ല്‍ നിയമം ഭേദഗതി ചെയ്തപ്പോള്‍ തന്നെ ധ്യാന്‍ചന്ദിന് പരമോന്നത ബഹുമതി നല്‍കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഭാരതരത്ന ആദ്യം ലഭിക്കാന്‍ അര്‍ഹതയുള്ള കായികതാരം ധ്യാന്‍ചന്ദ് ആണെന്ന് കാണിച്ച് 2012-ല്‍ കായിക മന്ത്രാലയം ശുപാര്‍ശ സമര്‍പ്പിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.