Skip to main content
ന്യൂഡൽഹി

ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം തുടങ്ങി. ആം ആദ്മിക്ക് ലഭിക്കുന്ന വിദേശ ഫണ്ടുകളെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ പറഞ്ഞു. ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന് പണം വരുന്നു ഫണ്ടിന്റെ ഉറവിടം എന്താണ് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ഷിന്‍ഡെ അറിയിച്ചു.

 

അതേസമയം അന്വേഷണത്തെ നേരിടുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. അന്വേഷണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും അതോടൊപ്പം ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണമെന്നും  കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്നോടിയായി 19 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ടെന്ന് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത പറഞ്ഞിരുന്നു.

 

പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ ചുമതല ഗുപ്തയ്ക്കാണ്. പത്ത് രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ സംഭാവന ചെയ്യുന്നവരുണ്ട്. ഡല്‍ഹി തെരഞ്ഞെടുപ്പിനായി 20 കോടി രൂപ സമാഹരിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ഗുപ്ത വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ നാലിന് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്.

 

പണം നല്‍കിയവരുടെ വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ടെന്നും. വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ള വിദേശ ഇന്ത്യക്കാരില്‍ നിന്നാണ് ഫണ്ട് സ്വീകരിച്ചതെന്നും എ.എ.പി വ്യക്തമാക്കി.