Skip to main content
ഹൈദരാബാദ്

തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിഷേധം തുടരുന്നു. എന്നാല്‍ സംസ്ഥാന രൂപീകരണത്തിന്റെ കാര്യത്തില്‍ ഇനി പുന:പരിശോധനയില്ലെന്ന് ആന്ധ്ര പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് പറഞ്ഞു. സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിഗ് വിജയ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്.  എല്ലാ പാര്‍ട്ടികളിലെയും നേതാക്കളുമായി ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വകക്ഷിയോഗത്തില്‍ തെലങ്കാനയെ അനുകൂലിച്ചവരാണ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.

 

ഇതിനിടെ സീമാന്ധ്രയിലെ വൈദ്യുതി ജീവനക്കാരുമായി ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി നടത്തിയ രണ്ടു ചര്‍ച്ചകളും പരാജയപ്പെട്ടു. വൈദ്യുതി വിതരണം തടസ്സപ്പെട്ടത് പ്രദേശത്തെ ആശുപത്രികളെയും ട്രെയിന്‍ ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. വൈദ്യുതി വിതരണം തടസ്സപ്പെട്ടത് മൊബൈല്‍ ഫോണ്‍ സര്‍വീസുകളെയും എ.ടി.എം സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്.

 

സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ നടത്തുന്ന നിരാഹാര സമരത്തിന്‍റെ വേദി മാറ്റാന്‍ ആവശ്യപ്പെട്ട് ആന്ധ്ര സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. എന്നാല്‍ വേദി മാറ്റില്ലെന്നും നടപടിയുണ്ടായാല്‍  പ്രതിഷേധിക്കുമെന്നും നായിഡു വ്യക്തമാക്കി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി ഹൈദരാബാദില്‍ നടത്തുന്ന നിരാഹാര സമരവും തുടരുകയാണ്.