ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കാശ്മീരിലേക്ക് യുവാക്കളെ തിരഞ്ഞെടുത്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികള്‍ക്കും പ്രത്യേക എന്‍.ഐ എ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. നാലു പേര്‍ക്ക് ഇരട്ട ജീവപര്യന്തവും ബാക്കിയുള്ളവര്‍ക്ക് ജീവപര്യന്തം തടവുമാണ് പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ വിധിച്ചത്. മൂന്നാം പ്രതി കണ്ണൂര്‍ തയ്യില്‍ സ്വദേശി തടിയന്‍റവിട നസീര്‍, ഇരുപത്തിമൂന്നാം പ്രതി എറണാകുളം പള്ളിക്കര കണിയാത്ത്കുടിയില്‍ വീട്ടില്‍ സര്‍ഫറാസ് നവാസ്, പതിനഞ്ചാം പ്രതി മലപ്പുറം കാരഞ്ചേരി മുട്ടന്നൂര്‍ നായാട്ടില്‍ വീട്ടില്‍ അബ്ദുള്‍ ജബ്ബാര്‍, പതിനാറാം പ്രതി എറണാകുളം കുന്നത്തുനാട് മുണ്ടകത്ത് വീട്ടില്‍ സാബിര്‍ ബുഖാരി എന്നിവര്‍ക്കാണ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.
കണ്ണൂര്‍ തയ്യല്‍ പൗണ്ട് വളപ്പില്‍ ഷഫാസ്,കളമശേരി അമ്പലം റോഡില്‍ കൂനംതൈ വെള്ളര്‍കോടത്ത് വീട്ടില്‍ ഫിറോസ്,ചോവഞ്ചരേി ചെമ്പിലോട് പി. മുജീബ്, വയനാട് പടിഞ്ഞാറത്തെറ പാത്തുങ്കല്‍ വീട്ടില്‍ ഭായ് എന്ന ഇബ്രാഹിം മൗലവി, കണ്ണൂര്‍ റഹ്മാനിയ പൗണ്ട് വളവ് മുഹമ്മദ് നവാസ്, പരപ്പനങ്ങാടി ചെട്ടിപ്പടി രായിന്‍കാനകത്ത് വീട്ടില്‍ ഉമറുല്‍ ഫാറൂഖ്, കണ്ണൂര്‍ കാട്ടൂര്‍ കടമ്പൂര്‍ പുതിയപുരയില്‍ വീട്ടില്‍ കെ.വി. അബ്ദുല്‍ ജലീല്‍, കണ്ണൂര്‍ ഉറുവച്ചാല്‍ ചാണ്ടിന്‍റവിട വീട്ടില്‍ എം.എച്ച്. ഫൈസല്‍, കൊണ്ടോട്ടി പെരുവല്ലൂര്‍ ഇടകനാതെടിക സത്താര്‍ ഭായ് എന്ന സൈനുദ്ദീന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം. എല്ലാ പ്രതികള്‍ക്കും അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
കേരളമുള്‍പ്പടെ രാജ്യത്തിന്‍റെ വിവിധ കേന്ദ്രങ്ങളിൽ മതപഠനത്തിന്‍റെ പേരിൽ തീവ്രവാദം വളർത്താനാണ് പ്രതികൾ ശ്രമിച്ചതെന്ന് കോടതി പറഞ്ഞു. പ്രതികളെ ജയിലിൽ പ്രത്യേകം നിരീക്ഷിക്കണമെന്നും ജഡ്ജി എസ്.വിജയകുമാർ നിർദ്ദേശിച്ചു. 18 പ്രതികളുള്‍പ്പെട്ട കേസില്‍ അഞ്ചു പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. ദേശ വിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധം, അനധികൃതമായി ആയുധങ്ങള്‍ കയ്യില്‍ വെക്കല്‍ തുടങ്ങി വധശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.
സാബിര്‍ അയൂബ്, പാകിസ്താന്‍ സ്വദേശി അബ്ദുള്‍വാലി എന്നിവര്‍ ഒളിവിലാണ്. ഇവരെ പിടികിട്ടാപ്പുള്ളികളായി കോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ക്ഷോഭത്തോടെയാണ് പ്രതികള്‍ കോടതി വിധിയോട് പ്രതികരിച്ചത്. ജഡ്ജി തന്റെ തോന്നിവാസം അനുസരിച്ചാണ് വിധി പ്രഖ്യാപിച്ചതെന്നും കുഞ്ഞാലിമരക്കാരുടെ പിന്‍മുറക്കാരെ ദേശസ്നേഹം പഠിപ്പിക്കേണ്ടെന്നും പ്രതി സര്‍ഫറാസ് നവാസ് പറഞ്ഞു.