Skip to main content
ന്യൂഡല്‍ഹി

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ കടന്നു കയറ്റം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി ലോക് സഭയില്‍ വ്യക്തമാക്കി. ഇന്ത്യയുടെ ഒരു പ്രദേശവും ചൈനക്ക്‌ വിട്ടുകൊടുത്തിട്ടില്ല. മാത്രമല്ല രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്തിവരികയാണ്‌. സുരക്ഷ വര്‍ധിപ്പിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്‌ എന്നും ആന്റണി ലോക്‌ സഭയില്‍ പറഞ്ഞു.

 

ഏപ്രിലില്‍ ലഡാക്കിലെ ദൗലത്‌ബാഗില്‍ 640 കി.മീ പ്രദേശം ചൈന കൈയേറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പ്രതിരോധമന്ത്രി ലോക്‌സഭയില്‍ പ്രസ്‌താവന നടത്തണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടത്. ദേശീയ സുരക്ഷാ ഉപദേശ ബോര്‍ഡ് ചെയര്‍മാന്‍ ശ്യാംസരണ്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആന്റണിയുടെ വിശദീകരണം. ചൈനീസ്‌ സൈന്യത്തിന്റെ ഇടപെടല്‍ മൂലം ഇന്ത്യന്‍ സൈന്യത്തിന്‌ അതിര്‍ത്തിയില്‍ പട്രോളിംഗ്‌ നടത്താന്‍ കഴിയുന്നില്ല എന്നും അതിനാല്‍ ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായാണ്‌ വാര്‍ത്തകള്‍ വന്നത്‌.

 

രാജ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന നടപടികളെല്ലാം സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  പ്രദേശത്തെ അടിസ്‌ഥാന സൗകര്യം വികസിപ്പിക്കണമെന്നു മാത്രമാണ്‌ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നതെന്നാണ്‌ ആന്റണി പ്രസ്‌താവനയില്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിരോധമന്ത്രിയുടെ പ്രസ്‌താവനയില്‍ പ്രതിപക്ഷം തൃപ്തരായില്ല.