രൂപ നേരിടുന്ന തകര്‍ച്ചയുടെ കാരണം കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു. ഘടനാപരമായ പ്രശ്നങ്ങളാണ് പ്രതിസന്ധിയുടെ പിന്നിലെന്ന് ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍ 2009-2012 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ പിന്തുടര്‍ന്ന അയഞ്ഞ ധനകാര്യ നയത്തെയും വിമര്‍ശിച്ചു.
പത്താമത് നാനി പല്‍ക്കിവാല സ്മാരക പ്രഭാഷണം നടത്തവേ ആണ് സുബ്ബറാവു സര്‍ക്കാറിനെ തുറന്നു വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. ഗവര്‍ണര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടിയായിരുന്നു ഇത്.
ധനകാര്യ മന്ത്രാലയത്തിന്റെ വിവിധ നടപടികളാണ് കേന്ദ്ര ബാങ്ക് മേധാവിയുടെ രൂക്ഷവിമര്‍ശനം നേടിയത്. ധനമന്ത്രി പി. ചിദംബരവും സുബ്ബറാവുവിന്റെ പരിഹാസത്തിന് ഇരയായി. ധനകാര്യ സ്ഥിരതയ്ക്കും വികസനത്തിനുമായി മന്ത്രാലയം രൂപീകരിച്ച കൗണ്‍സില്‍ റിസര്‍വ് ബാങ്കിന്റെ സ്വയംഭരണ അവകാശത്തെ ഹനിക്കുന്നതായും നാണ്യനയ രൂപീകരണത്തില്‍ ബാങ്കിന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതുമാണെന്ന് സുബ്ബറാവു പറഞ്ഞു. ചിദംബരം ഒറ്റക്ക് നടക്കേണ്ട അവസ്ഥ വരികയാണെങ്കില്‍ റിസര്‍വ് ബാങ്കിന് അദ്ദേഹം അന്ന്‍ നന്ദി പറയുമെന്ന് സുബ്ബറാവു പറഞ്ഞു. പലിശനിരക്ക് കുറക്കാനുള്ള നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് വേണ്ടിവന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒറ്റയ്ക്ക് നടക്കാന്‍ മടിക്കില്ലെന്ന് കഴിഞ്ഞ ഒക്ടോബര്‍ 12-ന് ചിദംബരം പറഞ്ഞിരുന്നു.
റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ രൂപ ഡോളറുമായുള്ള വ്യാപാരത്തില്‍ 223 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ബുധനാഴ്ചയിലെ സര്‍വകാല താഴ്ചയായ ഡോളറിന് 68.83 രൂപയില്‍ നിന്ന്‍ 66.60 ആയാണ് വ്യാഴാഴ്ച വിനിമയ വിപണിയില്‍ വ്യാപാരം അവസാനിച്ചത്.