
ബാംഗ്ലൂര്‍ : ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്‍റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി എന്‍.ആര്‍. നാരായണ മൂര്‍ത്തി വീണ്ടും സ്ഥാനമേല്‍ക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് പുതിയ നിയമനം. ഐ.ടി രംഗത്ത് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കമ്പനിയായിരുന്നു ഇന്‍ഫോസിസ്. എന്നാല്‍ മറ്റു കമ്പനികളുമായി നടന്ന താരതമ്യ പഠനത്തില്‍ ഇന്‍ഫോസിസിന്‍റെ വളര്‍ച്ച കുറവാണെന്ന് കണ്ടതിനാലാണ് നാരായണ മൂര്‍ത്തിയെ വീണ്ടും നിയമിച്ചത്.
നിലവിലെ ചെയര്‍മാന്‍ കെ.വി കാമത്തിന്‍റെ പകരക്കാരനായിട്ടാണ് നാരായണ മൂര്‍ത്തി വീണ്ടും ചുമതലയേല്‍ക്കുന്നത്. അസിസ്റ്റന്റ് ചെയര്‍മാനായി അദ്ധേഹത്തിന്റെ മകന്‍ രോഹന്‍ മൂര്‍ത്തിയും ഒപ്പമുണ്ട്. 1981ല്‍ ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നാരായണമൂര്‍ത്തി 2011ലാണ് അവിടെനിന്നും വിരമിച്ചത്. 1981 മുതല്‍ 2002 വരെ ഇന്‍ഫോസിസ് സി.ഇ.ഒ ആയിരുന്ന നാരായണമൂര്‍ത്തി പിന്നീട് ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
