മുംബൈ: രാജ്യത്തിന്റെ കറന്റ് അക്കൌണ്ട് കമ്മിയില്‍ റെക്കോഡ് വര്‍ധന. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 6.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്തംബര്‍) ഇത് 5.4 ശതമാനമായിരുന്നു.
വ്യാപാരകമ്മിയില്‍ വന്ന വര്‍ധനയാണ് രാജ്യത്തിന്റെ വിദേശ വ്യാപാരത്തിന്റെ പ്രധാന അളവുകോലുകളില്‍ ഒന്നായ കറന്റ് അക്കൌണ്ട് കമ്മിയിലെ വര്‍ധനയില്‍ പ്രതിഫലിച്ചത്. 59.6 ബില്ല്യണ്‍ യു.എസ്. ഡോളറാണ് മൂന്നാം പാദത്തിലെ വ്യാപാര കമ്മി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 48.6 ബില്ല്യണായിരുന്നു. എണ്ണയുടെയും സ്വര്‍ണ്ണത്തിന്റെയും ഇറക്കുമതിയില്‍ വന്ന വര്‍ധനയാണ് വ്യാപാര കമ്മി വര്‍ധിപ്പിച്ചത്.
കറന്റ് അക്കൌണ്ട് കമ്മി നാലാം പാദത്തില്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്മാന് സി. രംഗരാജന് പറഞ്ഞു. സാമ്പത്തിക വര്‍ഷാവസാനത്തില്‍ കമ്മി 5 ശതമാനമായെക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യ വന്‍ വിദേശ വ്യാപാര പ്രതിസന്ധി നേരിട്ട 1991ല്‍ കമ്മി 3 ശതമാനം മാത്രമായിരുന്നു.