Skip to main content

ukraine and us flags

 

യുക്രൈന് സൈനിക സഹായം നല്‍കാന്‍ വഴിതുറന്ന്‍ യു.എസ് നിയമം പാസാക്കി. നിയമത്തെ യുക്രൈന് സ്വാഗതം ചെയ്തപ്പോള്‍ തുറന്ന ഏറ്റുമുട്ടലാണ് നടപടിയെന്ന്‍ റഷ്യ വിശേഷിപ്പിച്ചു.

 

കിഴക്കന്‍ യുക്രൈനിലെ റഷ്യാ അനുകൂല വിഘടനവാദികളുമായി കഴിഞ്ഞ എട്ടുമാസമായി ആഭ്യന്തര യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കീവിലെ സര്‍ക്കാറിന് 35 കോടി ഡോളറിന്റെ മാരക സൈനിക ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള നിയമത്തിനാണ് വെള്ളിയാഴ്ച യു.എസ് കോണ്‍ഗ്രസിന്റെ അന്തിമ അനുമതി ലഭിച്ചത്. നിയമത്തിനു പ്രസിഡന്റ് ബരാക് ഒബാമയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

 

റഷ്യയ്ക്കെതിരെ പുതിയ ഉപരോധ നടപടികളും നിയമം നിര്‍ദ്ദേശിക്കുന്നുണ്ട്. യു.എസിന്റേയും യൂറോപ്യന്‍ യൂണിയന്റേയും നേതൃത്വത്തില്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ നേരത്തെ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധവും എണ്ണവിലയിലെ തകര്‍ച്ചയും മൂലം റഷ്യയുടെ സമ്പദ്വ്യവസ്ഥ ഇതിനകം തന്നെ രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്.

 

റഷ്യയും യു.എസും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളില്‍ ശക്തമായ ഒരു ബോംബ്‌ വെച്ചിരിക്കുകയാണ് ഈ നിയമമെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ്  പ്രതികരിച്ചു. യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി തിങ്കളാഴ്ച റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

 

നിയമത്തെ ചരിത്രപരമായ തീരുമാനമെന്ന് യുക്രൈന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചു. യു.എസ് നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോവില്‍ അംഗമല്ലാത്ത യുക്രൈന് ഇതുവരെ മാരകമല്ലാത്ത സൈനിക ഉപകരണങ്ങള്‍ മാത്രമേ യു.എസ് നല്‍കിയിരുന്നുള്ളൂ. പ്രധാന നാറ്റോ-ഇതര സഖ്യരാഷ്ട്രം എന്ന പദവിയും നിയമത്തില്‍ യുക്രൈന് നല്‍കുന്നുണ്ട്.

 

കിഴക്കന്‍ യുക്രൈനില്‍ ഏപ്രിലില്‍ സംഘര്‍ഷം ആരംഭിച്ചതിനെ തുടര്‍ന്ന്‍ 4,300-ല്‍ അധികം ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള ഇവിടത്തെ പ്രവിശ്യകളുടെ നിയന്ത്രണം വിഘടനവാദികള്‍ക്കാണ്. ഇവര്‍ക്ക് റഷ്യ സൈനിക സഹായം നല്‍കുന്നു എന്നാണ് പാശ്ചാത്യ രാഷ്ട്രങ്ങളുടെ ആരോപണം. ഇത് റഷ്യ നിഷേധിക്കുന്നുണ്ട്. റഷ്യാ അനുകൂലിയായിരുന്ന പ്രസിഡന്റ് വിക്തോര്‍ യാനുകോവിച്ചിനെ പാശ്ചാത്യ അനുകൂലികള്‍ അക്രമാസക്തമായ പ്രക്ഷോഭങ്ങളിലൂടെ പുറത്താക്കിയതിനെ തുടര്‍ന്നാണ്‌ കിഴക്കന്‍ പ്രവിശ്യകളില്‍ വിഘടനവാദം ശക്തമായത്.