മതവൈരവും സാമ്പത്തിക അസമത്വവും മുഖ്യ ആഗോള ഭീഷണികളെന്ന്‍ സര്‍വേ

Tue, 21-10-2014 06:21:00 PM ;

pew research

 

ആഗോള തലത്തില്‍ ലോകം നേരിടുന്ന മുഖ്യഭീഷണി വര്‍ധിച്ചുവരുന്ന മതവൈരമാണെന്ന് സര്‍വേ. യൂറോപ്പിലും യു.എസിലുമാകട്ടെ സാമ്പത്തിക അസമത്വമാണ് ജനങ്ങള്‍ ഭീഷണിയായി കരുതുന്നത്. ഇന്ത്യന്‍ ജനതയും മതവൈരത്തെ പ്രധാന ഭീഷണിയായി കരുതുന്നു.

 

യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്യൂ ഗവേഷണ കേന്ദ്രമാണ് 44 രാജ്യങ്ങളിലെ 48,643 പേരില്‍ നടത്തിയ സര്‍വേയുടെ ഫലം പുറത്തുവിട്ടത്. ഈ വര്‍ഷം മാര്‍ച്ച് 17-നും ജൂണ്‍ അഞ്ചിനും ഇടയിലാണ് സര്‍വേ നടത്തിയത്. ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് ആധിപത്യമുറപ്പിക്കുന്നതിനും ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിനും മുന്‍പ് ആണിതെന്നതാണ് ശ്രദ്ധേയമായ വസ്തുത. മത-വംശീയ വൈരം, സാമ്പത്തിക സമത്വം, മലിനീകരണവും പ്രകൃതിയും, ആണവായുധങ്ങള്‍, എയിഡ്സും മറ്റ് രോഗങ്ങളും എന്നീ ഭീഷണികളില്‍ പ്രധാനം ഏതെന്നായിരുന്നു സര്‍വേ ഉന്നയിച്ച ചോദ്യം.  

 

പ്രാദേശികമായ വെല്ലുവിളികളെയാണ് ജനങ്ങള്‍ കൂടുതല്‍ പ്രധാനമായി കാണുന്നതെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു. മാത്രവുമല്ല, ഈ ഭീഷണികള്‍ പലതും ഏറെക്കുറെ തുല്യപ്രാധാന്യത്തോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീക്ഷിക്കപ്പെടുന്നത്. അതേസമയം, 2007-ലെ സമാന സര്‍വേയുമായി താരതമ്യപ്പെടുത്തിയാല്‍ മതവൈരത്തെ പ്രധാന ഭീഷണിയായി കരുതുന്നവരുടെ എണ്ണം ആഗോളതലത്തില്‍ വര്‍ധിച്ചുവരികയാണെന്ന് പ്യൂ അറിയിക്കുന്നു.

 

ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പിന്റേയും ബി.ജെ.പിയുടെ ചരിത്രവിജയത്തിന്റേയും പശ്ചാത്തലത്തില്‍ നടന്ന സര്‍വെയില്‍ പങ്കെടുത്തവരില്‍ നാലില്‍ ഒരാള്‍ ഏറ്റവും പ്രധാന വെല്ലുവിളിയായി കരുതുന്നത് മതവൈരത്തെയാണ്. 22 ശതമാനം പേര്‍ സാമ്പത്തിക അസമത്വത്തേയും 19 ശതമാനം പേര്‍ ആണവായുധങ്ങളേയും പ്രധാന ഭീഷണിയായി കരുതുന്നു. 14 ശതമാനം പേര്‍ പ്രകൃതി മലിനീകരണത്തെ കുറിച്ച് ആശങ്ക ഉയര്‍ത്തിയപ്പോള്‍ പത്ത് ശതമാനം മാത്രമാണ് എയിഡ്സിനെ പ്രധാന ഭീഷണിയായി കണക്കാക്കുന്നുള്ളൂ.  

 

മതത്തിന്റെ പേരിലുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചിമേഷ്യയില്‍ സര്‍വേ നടത്തിയ ഏഴു രാജ്യങ്ങളില്‍ അഞ്ചിലും മതവൈരത്തെയാണ് പ്രധാന ആഗോള ഭീഷണിയായി കണ്ടത്. ലെബനനില്‍ സര്‍വെയില്‍ പങ്കെടുത്തവരില്‍ 58 ശതമാനവും ഇതിനെ പ്രധാന ഭീഷണിയായി കണ്ടു. ഇസ്രയേല്‍, പലസ്തീന്‍, ടുണിഷ്യ, ഈജിപ്ത് എന്നിവടങ്ങളിലും ഇതാണ് പ്രധാന ഭീഷണിയായി ജനങ്ങള്‍ കണക്കാക്കുന്നത്.

 

2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന്‍ പൂര്‍ണ്ണമായും മോചനം നേടാത്ത യൂറോപ്പിലും യു.എസിലും സാമ്പത്തിക അസമത്വമാണ് പ്രധാന ഭീഷണിയായി കണക്കാക്കപ്പെടുന്നത്. സമ്പന്ന രാജ്യങ്ങളിലെ ജനങ്ങള്‍ പൊതുവെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ധിച്ചുവരുന്നത് ഭീഷണിയായി കരുതുന്നു. യൂറോപ്പില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സ്പെയിനിലും ഗ്രീസിലും യഥാക്രമം 54-ഉം 43-ഉം ശതമാനം പേരാണ് അസമത്വത്തെ പ്രധാന ഭീഷണിയായി വിലയിരുത്തിയത്. മതവൈരവും ആണവായുധങ്ങളുമാണ് ഈ വന്‍കരകളില്‍ അടുത്ത പ്രധാന ഭീഷണികള്‍ ആയി കരുതപ്പെടുന്നത്.

 

അതേസമയം, എച്ച്.ഐ.വി ബാധിതരുടെ നിരക്ക് ആഗോള ശരാശരിയിലും അധികമായ ആഫ്രിക്കയില്‍ എയിഡ്സും മറ്റ് രോഗങ്ങളും ആണ് പ്രധാന ഭീഷണിയായി കണക്കാക്കപ്പെട്ടത്. ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും മലിനീകരണവും പ്രകൃതിയും ആണവായുധങ്ങളും പ്രധാന ഭീഷണികളായി കരുതപ്പെടുന്നു.

 

യുക്രൈന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍വേ നടന്ന റഷ്യയിലും യുക്രൈനിലും ജനങ്ങള്‍ ആണവായുധങ്ങളെയാണ് പ്രധാന ഭീഷണിയായി കണ്ടത്. കാര്‍ബണ്‍ മലിനീകരണത്തില്‍ ലോകത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ചൈനയില്‍ മൂന്നില്‍ ഒരാളും പ്രകൃതിയും മലിനീകരണവും ആണ് പ്രധാന ഭീഷണിയായി കാണുന്നത്.   

Tags: