യുക്രൈന്‍ പ്രശ്നത്തില്‍ റഷ്യയുടെ മേല്‍ യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) കൂടുതല്‍ ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചു. യു.എസും വെള്ളിയാഴ്ച പുതിയ ഉപരോധ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ അറിയിച്ചിട്ടുണ്ട്. വിമത കേന്ദ്രമായ കിഴക്കന്‍ യുക്രൈനില്‍ റഷ്യന്‍ സൈനികര്‍ ഉണ്ടെന്നാണ് പാശ്ചാത്യ ശക്തികളുടെ ആരോപണം.
എന്നാല്‍, ആരോപണം തുടര്‍ച്ചയായി നിഷേധിച്ചിട്ടുള്ള റഷ്യ തെറ്റായ സമയത്ത് പ്രഖ്യാപിച്ച ഇപ്പോഴത്തെ ഉപരോധം വിപരീത ഫലം ഉണ്ടാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. യുക്രൈന്‍ സര്‍ക്കാറും വിമതരും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച ചര്‍ച്ചകളിലെ റഷ്യയുടെ മധ്യസ്ഥ ശ്രമങ്ങള്‍ യൂറോപ്പും യു.എസും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്കൊവ് കുറ്റപ്പെടുത്തി. ഉപരോധം ഏര്‍പ്പെടുത്തപ്പെട്ട കമ്പനികള്‍ക്ക് എല്ലാ സഹായവും മറുപടിയായുള്ള നടപടികളും സ്വീകരിക്കുമെന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.
ധനകാര്യം, പ്രതിരോധം, ഊര്‍ജം എന്നീ മേഖലകളിലെ കമ്പനികളെയാണ് ഇ.യു ഉപരോധത്തില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ മേഖലകളില്‍ തന്നെയായിരിക്കും യു.എസും ഉപരോധ നടപടികള്‍ സ്വീകരിക്കുകയെന്നാണ് പ്രസിഡന്റ് ഒബാമ അറിയിച്ചിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ മൂന്ന്‍ വട്ടം റഷ്യയ്ക്കെതിരെ യു.എസ് ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മുന്‍പ് പ്രഖ്യാപിച്ചിട്ടുള്ളവയടക്കം ഉപരോധ നടപടികള്‍ ആവശ്യമെങ്കില്‍ പുന:പരിശോധിക്കുമെന്ന് ഇ.യു അറിയിച്ചു. സെപ്തംബര്‍ അവസാനം വെടിനിര്‍ത്തല്‍ നില പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഹെര്‍മന്‍ വോണ്‍ റോമ്പി അറിയിച്ചു.

