കിഴക്കന്‍ യുക്രൈനില്‍ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികളില്‍ യുക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷേങ്കോയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും തമ്മില്‍ ധാരണ. സ്ഥിരം വെടിനിര്‍ത്തലിന് പുടിനും താനും തമ്മില്‍ ധാരണയായെന്ന്‍ പൊറോഷേങ്കോ അറിയിച്ചു. എന്നാല്‍, പ്രസ്താവന സ്ഥിരീകരിച്ച മോസ്കോ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഇരുനേതാക്കളും തീരുമാനിച്ചിരിക്കുന്നതെന്ന് തിരുത്തി. സംഘര്‍ഷത്തില്‍ റഷ്യ കക്ഷിയല്ലാത്തതിനാല്‍ വെടിനിര്‍ത്തല്‍ എന്ന പദം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്കൊവ് വിശദീകരിച്ചു.
വിമതര്‍ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ച ഡോനെറ്റ്സ്ക് പ്രവിശ്യയിലെ അധികൃതര്‍ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഷെല്ലാക്രമണം നിര്‍ത്തി സമാധാന സന്നദ്ധത കീവ് പ്രകടിപ്പിച്ചാല്‍ നയതന്ത്ര പരിഹാരത്തിന് തങ്ങള്‍ തയ്യാറാണെന്ന് വിമതര്‍ പറഞ്ഞു. വിമത നിയന്ത്രണത്തിലുള്ള പ്രവിശ്യകളായ ഡോനെറ്റ്സ്കിലും മറ്റൊരു സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചിട്ടുള്ള ലുഗാന്‍സ്കിലും നാല് മാസമായി യുക്രൈന്‍ സൈന്യം കനത്ത ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.
യുക്രൈന്‍ പ്രസിഡന്റായിരുന്ന വിക്തോര്‍ യാനുകോവിച്ചിനെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ അനുകൂലികളും തീവ്രദേശീയവാദികളും ഫെബ്രുവരി അവസാനം പുറത്താക്കിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇതോടെ റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള കിഴക്കന്‍ യുക്രിനിലെ പ്രവിശ്യകള്‍ കീവിലെ സര്‍ക്കാറിനെതിരെ കലാപം തുടങ്ങുകയായിരുന്നു. സംഘര്‍ഷത്തില്‍ ഏകദേശം 2,500 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പത്ത് ലക്ഷത്തില്‍ അധികം പേര്‍ ഭവനരഹിതരായതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ഉക്രൈന്‍ സേന പുറംലോകവുമായുള്ള ബന്ധം അടച്ചതോടെ ഡോനെറ്റ്സ്കിലും ലുഗാന്‍സ്കിലും ഭക്ഷണവും വെളളവും വൈദ്യുതിയുമെല്ലാം മുടങ്ങിയിരിക്കുകയാണ്. വൈകാതെ മഞ്ഞുകാലം തുടങ്ങുന്നതിനാല്‍ സംഘര്‍ഷം വന്‍ മാനുഷിക ദുരന്തത്തിന് കാരണമായേക്കുമെന്ന ഭീതി ഉയര്‍ന്നിരുന്നു.

