റഷ്യയുടെ പത്ത് സേനാംഗങ്ങളെ കിഴക്കന്‍ യുക്രൈനില്‍ പിടികൂടിയതായി യുക്രൈന്‍ അറിയിച്ചു. സൈനികര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണെന്ന് റഷ്യന്‍ സേന വിശദീകരിച്ചു. യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യുന്ന ഉച്ചകോടി തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് സംഭവവികാസം.
പിടിയിലായ ഏതാനും സൈനികരുടെ വീഡിയോ ദൃശ്യങ്ങളും യുക്രൈന്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, അതിര്‍ത്തിയില്‍ റോന്ത് ചുറ്റുകയായിരുന്ന സൈനികര്‍ അടയാളപ്പെടുത്തിയിട്ടില്ലാത്ത ഒരു ഭാഗത്ത് യുക്രൈന്‍ ഭാഗത്ത് പ്രവേശിക്കുകയായിരുന്നു എന്ന്‍ റഷ്യ പറഞ്ഞു. കഴിഞ്ഞ കാലയളവില്‍ അഞ്ഞൂറോളം യുക്രൈന്‍ സൈനികര്‍ ഇങ്ങനെ അതിര്‍ത്തി ലംഘിച്ചിട്ടുള്ളതായും റഷ്യ കൂട്ടിച്ചേര്‍ത്തു.
ബെലാറസ്സിലെ മിന്‍സ്കില്‍ നടക്കുന്ന യൂറേഷ്യന്‍ കസ്റ്റംസ് യൂണിയന്‍ ഉച്ചകോടിയില്‍ ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷേങ്കോയും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും പൊറോഷേങ്കോയും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനകള്‍ ഉണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ പാശ്ചാത്യ അനുകൂലികള്‍ പ്രസിഡന്റായിരുന്ന വിക്തോര്‍ യാനുകോവിച്ചിനെ അട്ടിമറിച്ചത് മുതല്‍ കീവിലെ സര്‍ക്കാറിനെതിരെ യുക്രൈന്റെ കിഴക്കന്‍ പ്രവിശ്യകളിലെ റഷ്യന്‍ വംശജര്‍ ആഭ്യന്തര യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഡോനെറ്റ്സ്ക്, ലുഹാന്‍സ്ക് പ്രവിശ്യകളില്‍ സംഘര്‍ഷത്തില്‍ 2000-ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാര്‍ച്ചില്‍ യുക്രൈനിലെ സ്വയംഭരണ പ്രദേശമായിരുന്ന ക്രിമിയ റഷ്യയോട് ചേരാന്‍ തീരുമാനിക്കുകയും റഷ്യ പ്രദേശത്തെ രാജ്യത്തിന്റെ ഭാഗമാക്കുകയും ചെയ്തിരുന്നു.

