കിഴക്കന്‍ യുക്രൈനിലേക്ക് റഷ്യ അയച്ച ദുരിതാശ്വാസ സഹായം അടങ്ങുന്ന വാഹനങ്ങളില്‍ സൈനികര്‍ ഇല്ലെന്ന് റഷ്യ. യു.എസ് പ്രതിരോധ സെക്രട്ടറി ചക് ഹഗേലുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ റഷ്യയുടെ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ, യുക്രൈനിലേക്ക് പ്രവേശിച്ച റഷ്യന്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി യുക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷേങ്കോ അറിയിച്ചു.
കിഴക്കന്‍ യുക്രൈനില്‍ റഷ്യ അയക്കുന്ന ദുരിതാശ്വാസ സഹായത്തിനൊപ്പം സൈനികരും ഉണ്ടെന്ന് യു.എസ് നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് റഷ്യയുടെ പ്രതിരോധ മന്ത്രി യു.എസ് സെക്രട്ടറിയെ ഫോണില്‍ വിളിച്ചത്. റഷ്യന്‍ വംശജരായ വിമതരും കീവിലെ യുക്രൈന്‍ സര്‍ക്കാര്‍ അയച്ച സൈന്യവും തമ്മില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ആക്രമണം നടക്കുന്ന കിഴക്കന്‍ യുക്രൈനിലെ ലുഗാന്‍സ്ക്, ഡോനെറ്റ്സ്ക് എന്നീ പ്രവിശ്യകളില്‍ യുദ്ധം രൂക്ഷമായതോടെ സാധാരണ ജനജീവിതം ഗുരുതര പ്രതിസന്ധി നേരിടുകയാണ്.
2000 ടണ്‍ വരുന്ന അവശ്യവസ്തുക്കളുമായി റഷ്യയുടെ 200-ല്‍ അധികം വരുന്ന ട്രക്കുകള്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ച എത്തിയിട്ടുണ്ട്. അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റി ഉദ്യോഗസ്ഥര്‍ക്കൊപ്പം യുക്രൈന്‍ കസ്റ്റംസ് അധികൃതര്‍ ഈ വാഹനങ്ങള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. റെഡ് ക്രോസ് ആണ് സഹായം യുക്രൈനില്‍ വിതരണം ചെയ്യുക.
ദുരിതാശ്വാസ സഹായത്തിന്റെ മറവില്‍ കിഴക്കന്‍ യുക്രൈനിലെ സ്ഥിതി അസ്ഥിരപ്പെടുത്താനുള്ള പ്രകോപനപരമായ നീക്കമാണ് റഷ്യ നടത്തുന്നതെന്ന് നാറ്റോയും യൂറോപ്യന്‍ യൂണിയനും ആരോപിച്ചിരുന്നു. യുക്രൈനിലേക്ക് പ്രവേശിച്ച റഷ്യന്‍ സൈനിക വാഹനങ്ങളുടെ നല്ലൊരു പങ്കും പീരങ്കി ഉപയോഗിച്ച് തകര്‍ത്തതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായുമായുള്ള സംഭാഷണത്തില്‍ യുക്രൈന്‍ പ്രധാനമന്ത്രി പെട്രോ പൊറോഷേങ്കോ അവകാശപ്പെട്ടിട്ടുണ്ട്.
എന്നാല്‍, ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് റഷ്യന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു. യുക്രൈന്‍ വിമതര്‍ക്ക് രഹസ്യമായി ആയുധം നല്‍കുന്നതായുള്ള ആരോപണങ്ങളും റഷ്യ തുടര്‍ച്ചയായി നിഷേധിച്ചിട്ടുണ്ട്.
നാല് മാസത്തിലധികമായി നടക്കുന്ന ആക്രമണങ്ങളില്‍ 2,100ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വിമതര്‍ സ്വതന്ത്ര റിപ്പബ്ലിക്കുകള്‍ ആയി പ്രഖ്യാപിച്ച പ്രവിശ്യകള്‍ തിരിച്ചുപിടിക്കാന്‍ യുക്രൈന്‍ സൈന്യം കഴിഞ്ഞ ആഴ്ചകളില്‍ ആക്രമണം ശക്തമാക്കിയതോടെയാണ് മരണനിരക്ക് ഉയര്‍ന്നത്.

