Skip to main content
മോസ്കോ

vladimir putinകിഴക്കന്‍ യുക്രൈനിലെ പ്രതിസന്ധിയെ തുടര്‍ന്ന്‍ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക നിരോധനമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് മേല്‍ റഷ്യയും നിരോധന നടപടികള്‍ സ്വീകരിക്കുന്നു. യു.എസില്‍ നിന്നുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടേയും യൂറോപ്യന്‍ യൂണിയന്‍ (ഇ.യു)രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടേയും ഇറക്കുമതി ഒരു വര്‍ഷത്തേക്ക് നിരോധിക്കാന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ബുധനാഴ്ച ഉത്തരവിറക്കി. നേരത്തെ, റഷ്യയുടെ ഊര്‍ജ, ബാങ്കിംഗ് മേഖലകളെ ലക്ഷ്യമിട്ട് യു.എസും ഇ.യുവും നിരോധന നടപടികള്‍ പ്രഖ്യാപിച്ചിരുന്നു.

 

യൂറോപ്പില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് റഷ്യ. ഇ.യുവില്‍ നിന്നുള്ള പച്ചക്കറി കയറ്റുമതിയുടെ 21.5 ശതമാനവും പഴം കയറ്റുമതിയുടെ 28 ശതമാനവും റഷ്യയിലേക്കാണ്. യു.എസില്‍ നിന്നുള്ള കോഴി ഉല്‍പ്പന്ന കയറ്റുമതിയുടെ എട്ടു ശതമാനവും റഷ്യയിലേക്കാണ്.  

 

ഇക്വഡോര്‍, ബ്രസീല്‍, ചിലി, അര്‍ജന്റീന തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യ-കാര്‍ഷിക ഇറക്കുമതി വര്‍ധിപ്പിക്കാനാണ് റഷ്യ ആലോചിക്കുന്നത്. ഈ രാജ്യങ്ങളുടെ സ്ഥാനപതിമാരുമായി റഷ്യ വ്യാഴാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്.

 

ഫെബ്രുവരി അവസാനം യുക്രൈനില്‍ പാശ്ചാത്യ അനുകൂലികള്‍ അധികാരം പിടിച്ചെടുത്തത് മുതല്‍ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ റഷ്യന്‍ വംശജര്‍ സായുധ പ്രതിരോധം നടത്തുകയാണ്. ഇവര്‍ക്ക് റഷ്യ സായുധ സഹായം നല്‍കുന്നുവെന്നാണ് യു.എസും യൂറോപ്യന്‍ യൂണിയനും ആരോപിക്കുന്നത്. ഇത് റഷ്യ നിഷേധിച്ചിട്ടുണ്ട്.

 

യു.എസ് റഷ്യയ്ക്കെതിരെ നേരത്തെ തന്നെ സാമ്പത്തിക ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, റഷ്യയുമായി കൂടുതല്‍ ശക്തമായ സാമ്പത്തിക സഹകരണമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത നടപടികളില്‍ നിന്ന്‍ വിട്ടുനില്‍ക്കുകയായിരുന്നു. മലേഷ്യന്‍ യാത്രാവിമാനം കിഴക്കന്‍ യുക്രൈനില്‍ തകര്‍ക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ഗൗരവമേറിയ നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറായത്. സംഭവത്തില്‍ അന്താരാഷ്‌ട്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യുക്രൈന്‍ വിമതരാണ് വിമാനം വീഴ്ത്തിയതെന്ന നിലപാടാണ് പാശ്ചാത്യ രാഷ്ട്രങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, സംഭവം നടക്കുന്ന സമയത്ത് യുക്രൈന്‍ സൈന്യത്തിന്റെ പോര്‍വിമാനങ്ങള്‍ മേഖലയില്‍ ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ റഷ്യ പുറത്തുവിട്ടിരുന്നു.

 

ശീതയുദ്ധത്തിന് ശേഷമുള്ള കാലയളവില്‍ റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും മോശമായ ബന്ധങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ് യുക്രൈന്‍ പ്രതിസന്ധി.