Skip to main content
മോസ്കോ

russia's sigint facility in cuba

 

ക്യൂബയില്‍ റഷ്യയുടെ സേനാതാവളം തുറക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ക്യൂബയിലെ ലൂര്‍ദ്സില്‍ പ്രവര്‍ത്തിച്ചിരുന്ന സിഗിന്റ് (സിഗ്നല്‍ ഇന്റലിജന്‍സ്) താവളമാണ് വീണ്ടും തുറക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളും യു.എസ് സമ്മര്‍ദ്ദവും മൂലം 2001-ല്‍ അടച്ചുപൂട്ടിയ ഈ താവളം റഷ്യയുടെ ഏറ്റവും വലിയ വിദേശ സേനാതാവളങ്ങളില്‍ ഒന്നായിരുന്നു.

 

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ കഴിഞ്ഞയാഴ്ച നടത്തിയ ക്യൂബ സന്ദര്‍ശനത്തിലാണ് ഈ ധാരണ ഉണ്ടായതെന്ന് റഷ്യന്‍ പത്രം കോമര്‍സന്റ് റിപ്പോര്‍ട്ട് ചെയ്തു. താവളം വീണ്ടും തുറക്കാന്‍ 2004 മുതല്‍ റഷ്യ ശ്രമിച്ചുവരികയായിരുന്നു. പുടിന്റെ സന്ദര്‍ശനത്തിന് മുന്‍പ് ക്യൂബ സോവിയറ്റ് യൂണിയന് നല്‍കാനുണ്ടായിരുന്ന കടത്തിന്റെ 90 ശതമാനവും റഷ്യ എഴുതിത്തള്ളിയിരുന്നു.

 

പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ റഷ്യന്‍ കപ്പലുകളുടെ ആശയവിനിമയത്തെ സഹായിക്കുകയാണ് ഈ താവളത്തിന്റെ പ്രഖ്യാപിത ദൌത്യം. എന്നാല്‍, ആയിരക്കണക്കിന് റഷ്യന്‍ സൈനിക-ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്ന ഈ താവളം യു.എസില്‍ നിന്നും യു.എസിലേക്കുള്ള സിഗ്നലുകള്‍ പരിശോധിക്കാനായിരിക്കും പ്രധാനമായും ശ്രമിക്കുക. അതുകൊണ്ടുതന്നെ ഇതിന്റെ തന്ത്രപരമായ പ്രാധാന്യം വളരെ വലുതാണ്‌.   

 

യു.എസ് വന്‍കരയില്‍ നിന്ന്‍ 250 കിലോമീറ്റര്‍ മാത്രം അകലെയുള്ള ലൂര്‍ദ്സില്‍ 1967-ലാണ് റഷ്യ ആദ്യമായി താവളം തുറന്നത്. 3000-ത്തോളം ഉദ്യോഗസ്ഥരുണ്ടായിരുന്ന ഈ താവളമായിരുന്നു ശീതയുദ്ധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ വിദേശത്ത് റഷ്യയുടെ ഏറ്റവും വലിയ സിഗ്നല്‍ ഇന്റലിജന്‍സ് കേന്ദ്രം.