Skip to main content
ബാഗ്ദാദ്

isis soldier in mosul

 

രാജ്യത്തിന്റെ വടക്കന്‍ മേഖലയുടെ നിയന്ത്രണം കൈയടക്കിയ ‘തീവ്രവാദി സംഘങ്ങള്‍’ സര്‍വ്വകലാശാലയില്‍ ആണവ ഗവേഷണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഘടകങ്ങള്‍ പിടിച്ചെടുത്തതായി ഇറാഖ് സര്‍ക്കാര്‍. തീവ്രവാദികള്‍ ഇറാഖിലോ പുറത്തോ ഇവ ഉപയോഗിക്കുന്നത് തടയാന്‍ ആഗോള സമൂഹത്തിന്റെ സഹായം ഇറാഖിന്റെ യു.എന്‍ സ്ഥാനപതി അഭ്യര്‍ഥിച്ചിട്ടുണ്ട്.  

 

മൊസുള്‍ സര്‍വ്വകലാശാലയില്‍ 40 കിലോഗ്രാം വരുന്ന യുറേനിയം ഘടകങ്ങള്‍ സൂക്ഷിച്ചിരുന്നതായും ഇത് കൂട്ടനശീകരണ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാവുന്നതുമാണെന്നും ഇറാഖിന്റെ യു.എന്‍ സ്ഥാനപതി മുഹമ്മദ് അലി അല്‍-ഹക്കിം യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് അയച്ച കത്തില്‍ പറയുന്നു. ജൂണ്‍ പത്തിന് മൊസുളിന്റെ നിയന്ത്രണം പിടിച്ച സുന്നി തീവ്രവാദ സംഘടന ഇസ്ലാമിക് രാഷ്ട്രത്തിന്റെ (ഐ.എസ്) പേര് പറയാതെ തീവ്രവാദ സംഘങ്ങള്‍ ഈ ആണവശേഖരം പിടിച്ചെടുത്തതായി ജൂലൈ എട്ടിന് അയച്ച കത്തില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സി റൂയിട്ടേഴ്സ് ആണ് ബുധനാഴ്ച കത്ത് പുറത്തുവിട്ടത്.

 

ഈ വസ്തുക്കള്‍ ഇറാഖിന് പുറത്തേക്ക് കടത്താനുള്ള സാധ്യതയെക്കുറിച്ച് അല്‍-ഹക്കിം കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, പിടിച്ചെടുത്തത് സമ്പുഷ്ടീകൃത യുറേനിയമല്ലെന്നും അതിനാല്‍ ഇവ ഉപയോഗിച്ച് ആയുധം നിര്‍മ്മിക്കുന്നത് എളുപ്പമല്ലെന്നും ഇറാഖിലെ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റൂയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.   

 

ബാഗ്ദാദിന് വടക്ക് സ്ഥിതി ചെയ്യുന്ന ഒരു മുന്‍ രാസായുധ ശാലയുടെ നിയന്ത്രണം ഐ.എസ് കയ്യടക്കിയതായി ഇറാഖ് കഴിഞ്ഞ ദിവസം യു.എന്നിനെ അറിയിച്ചിരുന്നു. ‘സായുധ തീവ്രവാദ സംഘങ്ങള്‍’ ജൂണ്‍ 11-ന് മുത്തന്നയിലുള്ള ശാല പിടിച്ചതായാണ് ചൊവ്വാഴ്ച പുറത്തുവിട്ട കത്തില്‍ അല്‍-ഹക്കിം വെളിപ്പെടുത്തിയത്. ഇറാഖിന്റെ പഴയ രാസായുധ പദ്ധതിയുടെ അവശിഷ്ടങ്ങള്‍ ഇവിടെയുണ്ട്.  

 

നേരത്തെ ഐ.എസ്.ഐ.എസ് എന്നറിയപ്പെട്ടിരുന്ന സുന്നി തീവ്രവാദ സംഘടന തങ്ങളുടെ കീഴിലുള്ള പ്രദേശങ്ങളെ ഇസ്ലാമിക രാഷ്ടം അഥവാ ഖിലാഫത്ത് ആയി പ്രഖ്യാപിച്ചതിനൊപ്പമാണ് സംഘടനയുടെ പേരും ഇസ്ലാമിക രാഷ്ട്രം എന്നാക്കിയത്.