യൂറോപ്യന്‍ യൂണിയനുമായി വ്യാപാര-സാമ്പത്തിക ഉടമ്പടിയില്‍ ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷേങ്കോ ഒപ്പുവച്ചു. ഈ ഉടമ്പടി തള്ളി റഷ്യയുമായി സമാന കരാറില്‍ ഏര്‍പ്പെടാനുള്ള മുന്‍ പ്രസിഡന്റ് വിക്തോര്‍ യാനുകോവിച്ചിന്റെ നീക്കമാണ് രാജ്യത്ത് ആഭ്യന്തര പ്രതിസന്ധിയ്ക്ക് കാരണമായത്. സോവിയറ്റ് യൂണിയനില്‍ നിന്ന്‍ വേര്‍പെട്ടതിനു ശേഷമുള്ള രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രധാന ദിവസമാണിതെന്ന്‍ പൊറോഷെങ്കോ വിശേഷിപ്പിച്ചു.
മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായ ജോര്‍ജിയയും മൊള്‍ഡോവയും ഇ.യുവുമായി സമാന ഉടമ്പടികളില്‍ ഒപ്പുവെച്ചിട്ടുണ്ട്. മൂന്ന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഇ.യു ഗുണനിലവാരം പുലര്‍ത്തുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും സംഘടനയിലെ 28 അംഗരാഷ്ട്രങ്ങളില്‍ തീരുവ നിബന്ധനകളില്ലാതെ വ്യാപാരം നടത്താന്‍ അവസരമൊരുക്കുന്നതാണ് ഉടമ്പടി. ഇ.യു രാഷ്ട്രങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഈ മൂന്ന്‍ രാജ്യങ്ങളിലും സമാനമായ വ്യാപാര ഇളവുകള്‍ ലഭിക്കും.
കരാറില്‍ നിന്ന്‍ യാനുകോവിച്ച് പിന്‍വാങ്ങിയതിനെ തുടര്‍ന്ന്‍ കഴിഞ്ഞ നവംബറില്‍ ആരംഭിച്ച പ്രക്ഷോഭത്തെ തുടര്‍ന്ന്‍ യാനുകോവിച്ച് രാജ്യം വിടുകയും ഇത് റഷ്യന്‍ വംശജര്‍ കൂടുതലായി അധിവസിക്കുന്ന രാജ്യത്തിന്‍റെ കിഴക്കന്‍ ഭാഗങ്ങളില്‍ ആഭ്യന്തര കലാപത്തിന് കാരണമാകുകയും ചെയ്തിരുന്നു. ഉക്രൈന്‍റെ ഭാഗമായിരുന്ന ക്രിമിയ റഷ്യ കൈവശപ്പെടുത്തുകയും കിഴക്കന്‍ മേഖലകളില്‍ വിമതര്‍ സ്വതന്ത്ര റിപ്പബ്ലിക്കുകള്‍ പ്രഖ്യാപിച്ച് ഉക്രൈന്‍ സൈന്യത്തെ എതിരിടുകയും ചെയ്തിരുന്നു. കലാപത്തിനിടെ മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന പൊറോഷെങ്കോ താല്‍ക്കാലിക വെടിനിര്‍ത്തലും സമാധാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റഷ്യയുടെ പിന്തുണയുള്ള കിഴക്കന്‍ മേഖലയിലെവിമതര്‍ ഇപ്പോഴും കീവുമായി രമ്യതയിലെത്തിയിട്ടില്ല. താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ കാലാവധി ഇന്ന് തീരും.

