Skip to main content
സാവോ പോളോ

 

സെല്‍ഫ് ഗോളിലൂടെ ആരാധകരെ ആദ്യം ഞെട്ടിച്ചെങ്കിലും ലോകകപ്പിന്‍റെ ആദ്യ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ക്രോയേഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ കന്നിയങ്കത്തില്‍ വിജയം കൊയ്തത്. ബ്രസീലിനായി നെയ്മര്‍ രണ്ട് ഗോളും ഓസ്കാര്‍ ഒരു ഗോളും നേടി. കളിയുടെ തുടക്കത്തില്‍ ബ്രസീലിന്‍റെ മെര്‍സിലോ നേടിയ സെല്‍ഫ് ഗോളാണ് ക്രൊയേഷ്യയുടെ ആശ്വാസ ഗോള്‍.

 

മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് ക്രൊയേഷ്യയായിരുന്നു. പന്ത്രണ്ടാം മിനിറ്റില്‍ മെര്‍സിലോയുടെ സെല്‍ഫ് ഗോളായിരുന്നു അത്. തുടക്കത്തിലെ പാളിച്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കളിച്ച ബ്രസീല്‍ ഇരുപത്തിയൊന്‍പതാം മിനിറ്റില്‍ തിരിച്ചടിച്ചു. നെയ്മര്‍ അടിച്ച ലോങ്ങ് ഷോട്ട് ക്രൊയേഷ്യന്‍ ഗോളിയെ മറികടന്നു. അടുത്ത ഗോളിനു വേണ്ടി രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു.

 

രണ്ടാം പകുതിയില്‍ എഴുപത്തിയൊന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി നെയ്മര്‍ ബ്രസീലിനെ മുന്നിലെത്തിച്ചു. അവസാനം മനോഹരമായ മറ്റൊരു ഗോളിലൂടെ ഓസ്കാര്‍ ബ്രസീന്‍റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി സ്വന്തം നാട്ടിലെ ലോകകപ്പ് പ്രയാണത്തിന് വിജയത്തുടക്കവും കുറിച്ചു.

 

ഇന്നലെ സാവാപോളോയിലെ കൊറിന്ത്യന്‍സ് അരീനയിലായില്‍ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകളാണ് നടന്നത്. അറുനൂറോളം പേര്‍ 20 മിനിറ്റ് നീണ്ടുനിന്ന ചടങ്ങുകളില്‍ പങ്കെടുത്തു. യോഗ്യതാ മത്സരങ്ങള്‍ കടന്നെത്തിയ 32 രാഷ്ട്രങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത് ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായി ഫിഫ തെരഞ്ഞെടുത്ത വി ആര്‍ വണ്‍ (ഒലെ ഒലെ) എന്ന ഗാനം ഗായകരായ ജെന്നിഫെര്‍ ലോപ്പസ്, പിറ്റ്ബുള്‍, ബ്രസീലിയന്‍ താരം ക്ലോഡിയ ലെയ്ട്ടെ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു.

 

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ലോകകപ്പിന് ബ്രസീല്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന വന്‍ തുകകള്‍ക്കെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് ലോകകപ്പ്നടക്കുന്നത്. കഴിഞ്ഞ ആഴ്ചയും കൊറിന്തിയന്‍സ് മൈതാനത്തേക്ക് പ്രതിഷേധ പ്രകടനം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തിലേറെ പേര്‍ പങ്കെടുത്ത പ്രകടനങ്ങളില്‍ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പ്രസിഡനട്ട് ദില്‍മ റൂസഫിന്റെ സര്‍ക്കാര്‍ മത്സരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Tags