Skip to main content
ബാഗ്ദാദ്

mosulഅല്‍-ക്വൈദയോട് ആഭിമുഖ്യം പുലര്‍ത്തുന്ന തീവ്രവാദികള്‍ ഇറാഖിലെ മൊസുള്‍ നഗരത്തിന്റേയും നിനവേ പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശത്തിന്റേയും നിയന്ത്രണം പിടിച്ചെടുത്തു. 1.5 ലക്ഷത്തോളം പേര്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്തതായി കരുതപ്പെടുന്നു.

 

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇറാഖ് പ്രധാനമന്ത്രി നൌറി അല്‍ മാലിക്കി പാര്‍ലിമെന്റിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസം മുന്‍പ് നടന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ മാലിക്കിയുടെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല.

 

ഇറാഖിലേയും സിറിയയിലേയും ഇസ്ലാമിക രാഷ്ട്രം (ഐ.എസ്.ഐ.എസ്) എന്ന സംഘടനയുടെ പോരാളികളാണ് ചൊവ്വാഴ്ച മൊസുള്‍ പിടിച്ചെടുത്തത്. ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മോസുളില്‍ നിന്ന്‍ സര്‍ക്കാര്‍ സൈന്യം പിന്‍വാങ്ങി. ഇറാഖിലെ ന്യൂനപക്ഷ സുന്നി വിഭാഗത്തില്‍ നിന്നുള്ള പോരാളികള്‍ അടങ്ങുന്ന ഐ.എസ്.ഐ.എസ് ഷിയാ ഭൂരിപക്ഷമുള്ള ബാഗ്ദാദ് ഭരണകൂടത്തിനെതിരെ കടുത്ത സായുധ ആക്രമണം നടത്തി വരുന്ന സംഘടനയാണ്. അല്‍-ക്വൈദ പിന്തുണയും ഇവര്‍ക്കുണ്ടെന്ന് കരുതപ്പെടുന്നു.

 

എന്നാല്‍, തീവ്രവാദികള്‍ നഗരം പിടിച്ച വാര്‍ത്ത പ്രവിശ്യയില്‍ ഭൂരിപക്ഷമുള്ള സുന്നി വിഭാഗത്തില്‍ ആശങ്ക ജനിപ്പിച്ചിരിക്കുകയാണ്. പ്രവിശ്യാ ഗവര്‍ണര്‍ ഉള്‍പ്പെടെ 1.5 ലക്ഷം പേരാണ് കുര്‍ദിസ്ഥാന്‍ മേഖല അടക്കം ഇറാഖിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പലായനം ചെയ്തത്. ന്യൂനപക്ഷ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരും ധാരാളമുള്ള പ്രവിശ്യയാണ് നിനവെ.

 

മൊസുള്‍ തീവ്രവാദികളുടെ നിയന്ത്രണത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് മാലിക്കി ബാഗ്ദാദില്‍ പറഞ്ഞു. അതേസമയം, യു.എസ് സൈന്യത്തിന്റെ പരിശീലനം ലഭിച്ച ഇറാഖ് സൈന്യം കാര്യമായ പ്രത്യാക്രമണം നടത്താതെ പിന്‍വാങ്ങിയത് സൈന്യത്തിന്‍റെ കാര്യക്ഷമതയില്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്.