റഷ്യ, ബെലാറസ്, കസാഖ്സ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന്‍ യൂറേഷ്യന്‍ സാമ്പത്തിക സഖ്യത്തിന് രൂപം നല്‍കി. 17 കോടി ജനങ്ങളെ ഉള്‍ക്കൊള്ളുന്ന സഖ്യം 2015 ജനുവരിയില്‍ നിലവില്‍ വരും. മൂന്ന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര നിയന്ത്രണങ്ങള്‍ നീക്കി സ്വതന്ത്ര വ്യാപാര മേഖല രൂപീകരിക്കുന്നതാണ് സഖ്യത്തിന്റെ പ്രധാന നടപടി. കസാഖ്സ്ഥാനിലെ അസ്താനയിലാണ് വ്യാഴാഴ്ച ഉടമ്പടി ഒപ്പുവെച്ചത്.
സഖ്യരാഷ്ട്രങ്ങള്‍ തമ്മില്‍ പ്രകൃതിവാതകം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയടക്കമുള്ള വസ്തുക്കളുടെ വ്യാപാര നികുതികള്‍ നീക്കി പ്രാദേശിക വിപണി സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഭൂമിശാസ്ത്രപരമായ നില ഉപയോഗിച്ച് ലോകത്തിന്റെ കിഴക്കും പടിഞ്ഞാറും നിന്നും ഈ വിപണിയിലേക്ക് വ്യാപാരം ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ലോകത്തെ പ്രകൃതിവാതക ശേഖരത്തിന്റെ 20 ശതമാനവും എണ്ണ ശേഖരത്തിന്റെ 15 ശതമാനവും ഈ മേഖലയിലാണ്.
ഉടമ്പടി നാഴികക്കല്ലും ചരിത്രപ്രാധാന്യമുള്ളതുമാണെന്ന് റഷ്യയുടെ പ്രസിഡന്റെ വ്ലാദിമിര്‍ പുടിന്‍ പ്രതികരിച്ചു. യൂറോപ്യന്‍ യൂണിയന്‍ മാതൃകയില്‍ മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളെ ചേര്‍ത്ത് സാമ്പത്തിക സഖ്യം രൂപീകരിക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നത്. സഖ്യത്തിന്റെ നടത്തിപ്പ് ചെലവിന്റെ ഭൂരിഭാഗവും വഹിക്കുന്നത് റഷ്യയാണ്. എന്നാല്‍ മൂന്ന്‍ രാഷ്ട്രങ്ങള്‍ക്കും തുല്യ വോട്ടവകാശങ്ങള്‍ ഉണ്ടായിരിക്കും.
ഈ മൂന്ന്‍ രാജ്യങ്ങള്‍ തമ്മില്‍ ഒരു കസ്റ്റംസ് യൂണിയന്‍ 2010 ജനുവരി ഒന്ന്‍ മുതല്‍ നിലവിലുണ്ട്. സോവിയറ്റ് യൂണിയനില്‍ നിന്ന്‍ വിട്ടുപോന്ന രാഷ്ട്രങ്ങളുടെ സംഘടനയായ കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സിലെ (സി.ഐ.എസ്) മറ്റ് അംഗരാഷ്ട്രങ്ങളായ അര്‍മീനിയ, താജിക്കിസ്ഥാന്‍, കിര്‍ഗിസ്സ്ഥാന്‍ എന്നിവയെ കൂടി വൈകാതെ സ്വതന്ത്ര വ്യാപാര മേഖലയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നാണ് റഷ്യയുടെ പ്രതീക്ഷ.
