ഉക്രൈന്റെ കിഴക്കന്‍ പ്രദേശത്തെ ഡോനെട്സ്കില്‍ ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ 89 ശതമാനം പേരും സ്വാതന്ത്ര്യത്തെ അനുകൂലിച്ചതായി റഷ്യന്‍ അനുകൂല വിമതര്‍ അവകാശപ്പെട്ടു. ഹിതപരിശോധനയില്‍ 74.78 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയതായും ഇതില്‍ 10.1 ശതമാനം പേര്‍ ഉക്രൈനില്‍ നിന്ന്‍ വേര്‍പെടുന്നതിനോട് എതിര്‍പ്പ് രേഖപ്പെടുത്തിയെന്നും സ്വയം പ്രഖ്യാപിത ഡോനെട്സ്ക് ജനകീയ റിപ്പബ്ലിക്കിന്റെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി റോമന്‍ ലൈഗിന്‍ അറിയിച്ചു.
ഫെബ്രുവരിയില്‍ ഉക്രൈന്‍ പ്രസിഡന്റായിരുന്ന വിക്തോര്‍ യാനുകോവിച്ചിനെ അട്ടിമറിച്ച് നിലവില്‍ വന്ന പാശ്ചാത്യ അനുകൂല ഇടക്കാല സര്‍ക്കാറിനെ രാജ്യത്തിന്റെ കിഴക്കും തെക്കുമുള്ള പ്രദേശങ്ങള്‍ എതിര്‍ക്കുകയാണ്. റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ അധികമുള്ള ഈ പ്രദേശങ്ങളിലെ പല സര്‍ക്കാര്‍ ഓഫീസുകളും ഏപ്രില്‍ പകുതി മുതല്‍ വിമത നിയന്ത്രണത്തിലാണ്.
എന്നാല്‍, വിമതര്‍ ഞായറാഴ്ച ഡോനെട്സ്കിലും ലുഹാന്‍സ്കിലും നടത്തിയ ഹിതപരിശോധന നിയമവിരുദ്ധമാണെന്ന നിലപാടിലാണ് ഇടക്കാല സര്‍ക്കാറും ഇവരെ പിന്തുണക്കുന്ന പാശ്ചാത്യ രാഷ്ട്രങ്ങളും. എന്നാല്‍, സര്‍ക്കാര്‍ ഏകപക്ഷീയമായി മേയ് 25-ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് വിമതര്‍ ഹിതപരിശോധനയുമായി മുന്നോട്ടുപോയത്. ലുഹാന്‍സ്കിലെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഹിതപരിശോധനയില്‍ നിന്ന്‍ പിന്മാറണമെന്ന് കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, മുന്‍നിശ്ചയ പ്രകാരം തന്നെ നീങ്ങിയ വിമതര്‍ റഷ്യയോട് ചേരുന്നത് സംബന്ധിച്ച് മറ്റൊരു ഹിതപരിശോധന വൈകാതെ നടത്തുമെന്ന സൂചന നല്‍കിയിട്ടുണ്ട്.
