ഇന്ത്യന്‍ വംശജന്‍ രാജീവ് സുരി നോക്കിയയുടെ പുതിയ സി.ഇ.ഒ

Tue, 29-04-2014 12:10:00 PM ;
ഹെല്‍സിങ്കി

rajeev suriആഗോള ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ നിര്‍മ്മാണ കമ്പനി നോക്കിയയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) ഇന്ത്യന്‍ വംശജന്‍ രാജീവ് സുരിയെ ചൊവാഴ്ച നിയമിച്ചു. ഫിന്‍ലന്‍ഡ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നോക്കിയ സൊലൂഷന്‍സ് ആന്‍ഡ് നെറ്റ്വര്‍ക്ക് (എന്‍.എസ്.എന്‍) എന്ന വിഭാഗത്തിന്റെ മേധാവിയായിരുന്നു 46-കാരനായ സുരി.

 

നഷ്ടത്തിലായ മൊബൈല്‍ ഫോണ്‍ ബിസിനസ് മൈക്രോസോഫ്റ്റിന് കൈമാറുന്നതിന്റെ നടപടികളും നോക്കിയ വെള്ളിയാഴ്ച പൂര്‍ത്തിയാക്കി. 540 കോടി യൂറോയുടെ ഇടപാടിനെ തുടര്‍ന്ന്‍ ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് നേരത്തെ പ്രഖ്യാപിച്ച 0.11 യൂറോ ഡിവിഡന്റിനു പുറമേ 0.36 യൂറോ അധികമായി നല്‍കുമെന്നും കമ്പനി അറിയിച്ചു. ഏകദേശം 100 കോടി യൂറോ ആണ് ഇതിനായി കമ്പനി നീക്കിവേക്കുക. 125 കോടി യൂറോ വിലമതിക്കുന്ന ഓഹരികള്‍ തിരികെ വാങ്ങാനും പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു.

 

കഴിഞ്ഞ വര്‍ഷം നോക്കിയയുടെ 1270 കോടി യൂറോ വിറ്റുവരവില്‍ 1130 കോടി യൂറോയും സംഭാവന ചെയ്തത് സുരി നയിക്കുന്ന എന്‍.എസ്.എന്‍ വിഭാഗമായിരുന്നു. 1995 മുതല്‍ നോക്കിയയില്‍ പ്രവര്‍ത്തിക്കുന്ന സുരി 2009 ഒക്ടോബറില്‍ ചുമതലയേറ്റതു മുതലാണ്‌ എന്‍.എസ്.എന്‍ ലാഭത്തിലായത്. എന്‍.എസ്.എന്നിന് പുറമേ നാവിഗേഷന്‍ വിഭാഗവും പേറ്റന്റ് വിഭാഗവുമാണ് കമ്പനിയുടെ അവശേഷിക്കുന്ന പ്രവര്‍ത്തന മേഖലകള്‍.

 

1967-ല്‍ ഇന്ത്യയില്‍ ജനിച്ച സുരി കുവൈത്തിലാണ് വളര്‍ന്നത്. ഇന്ത്യയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലായിരുന്നു ഉന്നത വിദ്യാഭാസം. മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആയി ഈയിടെ നിയമിതനായ സത്യ നടെല്ലയും ഇതേ സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥിയാണ്.     

Tags: