കിഴക്കന്‍ യൂറോപ്പിലേക്ക് യു.എസ് സൈന്യത്തെ അയക്കുന്നു. 600 പട്ടാളക്കാരെയാണ് ബുധനാഴ്ച യൂറോപ്പിന്റെ കിഴക്കന്‍ പ്രദേശമായ പോളണ്ടിലേക്കും മറ്റ് രാജ്യങ്ങളിലേക്കും അയച്ചിരിക്കുന്നത്. റഷ്യയുടെ ക്രിമിയ പിടിച്ചെടുക്കല്‍ നടപടിയോടുള്ള നാറ്റോയുടെ പ്രതികരണം കൂടിയാണിത്. പോളണ്ട്, എസ്തോണിയ, ലാത്വിയ, ലിത്വേനിയ എന്നിവിടങ്ങളിലേക്ക് 150 പേരടങ്ങുന്ന പട്ടാളക്കാരുടെ ഓരോ ഗ്രൂപ്പിനെയാണ് വിന്യസിച്ചിരിക്കുന്നത്.
സൈന്യത്തിന്റെ വിന്യസത്തിലൂടെ ഉക്രൈയിനോടുള്ള നാറ്റോയുടെയും യു.എസിന്റെയും പ്രതിബദ്ധത തെളിയിച്ചിരിക്കുകയാണെന്ന് യു .എസ് വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. റഷ്യ ക്രിമിയ പിടിച്ചടക്കിയതോടുകൂടി ക്രിമിയക്കു സമാനമായി റഷ്യക്കാര്‍ കൂടുതലായി വസിക്കുന്ന എസ്തോണിയ, ലാത്വിയ, ലിത്വേനിയ തുടങ്ങിയ ബാള്‍ട്ടിക് രാജ്യങ്ങളും പോളണ്ട്, റുമേനിയ തുടങ്ങിയ അതിര്‍ത്തിരാഷ്ട്രങ്ങളും കൂട്ടമായി നാറ്റോ സഹായം തേടുകയായിരുന്നു. റഷ്യന്‍ അധിനിവേശ സാധ്യത മുന്നില്‍ക്കണ്ടാണ് ഈ രാജ്യങ്ങള്‍ നാറ്റോയുടെ പിന്തുണ തേടിയത്. തുടര്‍ന്ന് ഈ മേഖലയില്‍ സൈനിക യൂണിറ്റുകളുടെ സാന്നിധ്യം സ്ഥിരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ഉക്രൈയിനില്‍ പ്രക്ഷോഭകര്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. റഷ്യന്‍ സഹായത്തോടെയാണ് പ്രക്ഷോഭകാരികളുടെ നടപടികളെന്ന് ഉക്രൈനും യു.എസും ആരോപിച്ചു. ഫെബ്രുവരി അവസാനം റഷ്യന്‍ അനുകൂലിയായിരുന്ന പ്രസിഡന്റ് വിക്തോര്‍ യാനുകോവിച്ചിനെ അട്ടിമറിച്ചതോടെയാണ് ആദ്യം ക്രിമിയയിലും പിന്നീട് കിഴക്കന്‍ ഉക്രൈനിലും സംഘര്‍ഷം ഉടലെടുത്തത്. റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയ ഉക്രൈന്‍ വിട്ട് റഷ്യയോട് ചേര്‍ന്നു. കിഴക്കന്‍ ഉക്രൈനിലും നല്ലൊരു പങ്ക് റഷ്യന്‍ ഭാഷ സംസാരിക്കുന്നവരാണ്.

