Skip to main content
കീവ്

US Vice President Joe Biden, left, shakes hands with Ukrainian Prime Minister Arseniy Yatsenyuk during a meeting in Kiev, Ukraine

 

കിഴക്കന്‍ ഉക്രൈനില്‍ സംഘര്‍ഷം രൂക്ഷമായി തുടരവേ യു.എസ് ഉക്രൈയിനൊപ്പം നില്‍ക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ്റ് ജോ ബിഡന്‍. ജോ ബിഡനും ഉക്രൈയിന്‍ പ്രധാനമന്ത്രി ആര്‍സെനി യാറ്റ്സെന്യൂക്കുമായി ഉക്രൈയിന്‍റെ തലസ്ഥാനമായ കീവില്‍ വച്ച് ചൊവാഴ്ച നടത്തിയ കൂടികാഴ്ചയിലാണ് ജോ ബിഡന്‍ തീരുമാനം അറിയിച്ചത്. ഉക്രൈന്‍ കടന്ന്പോയ്‌ക്കൊണ്ടിരിക്കുന്നത് രാജ്യത്തിന്‍റെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്തിലൂടെയാണെന്നും മെയ്‌ 27-ന് നടക്കുന്ന തെരഞ്ഞെടുപ്പ് ഉക്രൈയ്ന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ആയിരിക്കുമെന്നും ബിഡന്‍ പറഞ്ഞു.

 

 

കിഴക്കന്‍ ഉക്രൈനില്‍ സ്വയംഭരണ ആവശ്യവുമായി റഷ്യന്‍ അനുകൂലികള്‍ പ്രക്ഷോഭം നടത്തി വരികയാണ്. ഇവിടത്തെ പ്രധാന നഗരങ്ങളിലെ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിയന്ത്രണം പ്രക്ഷോഭകാരികള്‍ കയ്യടക്കിയതിനെ തുടര്‍ന്ന്‍ ഉക്രൈനിലെ ഇടക്കാല ഭരണകൂടം മേഖലയിലേക്ക് സൈന്യത്തെ അയച്ചിരിക്കുകയാണ്. അതേസമയം, പ്രക്ഷോഭകര്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. വ്യാഴാഴ്ച മാര്യുപോള്‍ നഗരത്തിലെ ഉക്രൈന്‍ സൈനിക താവളം 300-ഓളം വരുന്ന പ്രക്ഷോഭകര്‍ ആക്രമിച്ചു. വെടിവെപ്പില്‍ മൂന്ന്‍ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ അറിയിച്ചു. അതേസമയം, ഉക്രൈന്‍ സൈന്യത്തിന്റെ ഇരു ബ്രിഗേഡ് ഇവിടെ ആയുധം വെച്ച് കീഴടങ്ങിയിട്ടുണ്ട്.

 

 

പ്രക്ഷോഭകരുടെ നിയന്ത്രണത്തിലുള്ള ഡോണ്‍ടെസ്കില്‍ ജനകീയ കൗണ്‍സിലിന്റെ സ്വയം പ്രഖ്യാപിത അധ്യക്ഷന്‍ മേയ് 11-ന് റഷ്യയില്‍ ചേരുന്നത് സംബന്ധിച്ച് ഹിതപരിശോധന പ്രഖ്യാപിച്ചിട്ടുണ്ട്. സ്ലാവ്യാന്‍സ്ക് നഗരത്തിലും റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണം ശക്തമാണ്. മാര്യുപോളിലും സ്ലാവ്യാന്‍സ്കിലും ഉക്രൈന്‍ ആരംഭിച്ച സൈനിക നടപടിയെ റഷ്യ ശക്തമായി എതിര്‍ത്തിട്ടുണ്ട്. അതേസമയം, റഷ്യന്‍ സഹായത്തോടെയാണ് പ്രക്ഷോഭകാരികളുടെ നടപടികളെന്ന് ഉക്രൈനും യു.എസും ഇ.യുവും ആരോപിക്കുന്നു.

 

 

ഫെബ്രുവരി അവസാനം റഷ്യന്‍ അനുകൂലിയായിരുന്ന പ്രസിഡന്റ് വിക്തോര്‍ യാനുകോവിച്ചിനെ അട്ടിമറിച്ചതോടെയാണ് ആദ്യം ക്രിമിയയിലും പിന്നീട് കിഴക്കന്‍ ഉക്രൈനിലും സംഘര്‍ഷം ഉടലെടുത്തത്. റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയ ഉക്രൈന്‍ വിട്ട് റഷ്യയോട് ചേര്‍ന്നു. കിഴക്കന്‍ ഉക്രൈനിലും നല്ലൊരു പങ്ക് റഷ്യന്‍ ഭാഷ സംസാരിക്കുന്നവരാണ്.