തീവ്രവാദ സംഘടനയായ തെഹ്രീക്-ഇ-താലിബാന് പാകിസ്ഥാന് (ടി.ടി.പി) ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ നീട്ടില്ലെന്ന് സംഘടന ബുധനാഴ്ച അറിയിച്ചു. അതേസമയം, തങ്ങളുടെ രണ്ട് പ്രധാന നിബന്ധനകളില്‍ വ്യക്തമായ നടപടി സ്വീകരിക്കുകയാണെങ്കില്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. ഇതിന് പ്രതികരണമാലോചിക്കാന് പ്രധാനമന്ത്രി നവാസ് ഷെരിഫ് ദേശീയ സുരക്ഷ സംബന്ധിച്ച ഉന്നതതല യോഗം വ്യാഴാഴ്ച വിളിച്ചിട്ടുണ്ട്.
വിവിധ തീവ്രവാദ സംഘടനകളുടെ സംയുക്ത സംഘടനയായ ടി.ടി.പിയുടെ കേന്ദ്ര കൂടിയാലോചന സമിതിയുടെ രണ്ട് ദിവസം നീണ്ടുനിന്ന യോഗത്തിന് ശേഷമാണ് തീരുമാനം. മാര്‍ച്ച് ഒന്നിനാണ് ഒരു മാസത്തേക്ക് ടി.ടി.പി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് പത്ത് ദിവസത്തേക്ക് കൂടി നീട്ടി.
സൈനികസാന്നിധ്യമില്ലാത്ത ഒരു സമാധാന മേഖല സൃഷ്ടിക്കുക, തടവില്‍ സൂക്ഷിച്ചിരിക്കുന്ന പോരാളികല്ലാത്തവരെ വിട്ടയക്കുക എന്നീ രണ്ട് നിബന്ധനകളെ സര്‍ക്കാര്‍ ഗൗരവമായി കണ്ടിട്ടില്ലെന്ന് യോഗത്തിന് ശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ താലിബാന് വക്താവ് ഷഹിദുള്ള ഷഹീദ് പറഞ്ഞു.
താലിബാന് സര്‍ക്കാറിന് ‘സമ്മാന’മായി നല്കിയ 40 ദിവസത്തെ വെടിനിര്‍ത്തലില്‍ സംഘടനയെ ഇല്ലാതാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഷഹീദ് പ്രസ്താവനയില്‍ ആരോപിച്ചു. ഈ കാലയളവില്‍ കസ്റ്റഡിയിലെടുത്ത 50-ല്‍ അധികം താലിബാന് പോരാളികളെ സര്‍ക്കാര്‍ വധിച്ചതായും സംഘടനയുമായി ബന്ധം ആരോപിച്ച് 200-ല്‍ അധികം പേരെ അറസ്റ്റ് ചെയ്തതായും ഷഹീദ് പറഞ്ഞു. വെടിനിര്‍ത്തല്‍ കാലാവാധി അവസാനിച്ച് ആറു ദിവസത്തോളമായിട്ടും സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന തണുപ്പന്‍ പ്രതികരണം യഥാര്‍ത്ഥ അധികാരം മറ്റെവിടെയോ ആണെന്നതിന്റെ തെളിവാണെന്നും പ്രസ്താവന കുറ്റപ്പെടുത്തി.

