കിഴക്കന്‍ ഉക്രൈനില്‍ സംഘര്‍ഷം രൂക്ഷമായി തുടരവേ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ചേരുന്ന ചതുര്‍കക്ഷി ഉച്ചകോടി വ്യാഴാഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ തുടങ്ങി. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി കാതറിന്‍ ആഷ്ടന്‍, യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, ഉക്രൈന്‍ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ആന്ദ്രി ഡെശ്ചിത്സ്യ എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.
സ്വയംഭരണ ആവശ്യവുമായി റഷ്യന്‍ അനുകൂലികള്‍ പ്രക്ഷോഭം ശക്തമാക്കിയ കിഴക്കന്‍ ഉക്രൈനിലെ സംഘര്‍ഷത്തിന് പരിഹാരം കാണുകയാണ് ഉച്ചകോടിയുടെ പ്രധാനലക്ഷ്യം. ഇവിടത്തെ പ്രധാന നഗരങ്ങളിലെ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിയന്ത്രണം പ്രക്ഷോഭകാരികള്‍ കയ്യടക്കിയതിനെ തുടര്‍ന്ന്‍ ഉക്രൈനിലെ ഇടക്കാല ഭരണകൂടം മേഖലയിലേക്ക് സൈന്യത്തെ അയച്ചിരിക്കുകയാണ്.
അതേസമയം, പ്രക്ഷോഭകര്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. വ്യാഴാഴ്ച മാര്യുപോള്‍ നഗരത്തിലെ ഉക്രൈന്‍ സൈനിക താവളം 300-ഓളം വരുന്ന പ്രക്ഷോഭകര്‍ ആക്രമിച്ചു. വെടിവെപ്പില്‍ മൂന്ന്‍ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ അറിയിച്ചു. അതേസമയം, ഉക്രൈന്‍ സൈന്യത്തിന്റെ ഇരു ബ്രിഗേഡ് ഇവിടെ ആയുധം വെച്ച് കീഴടങ്ങിയിട്ടുണ്ട്.
പ്രക്ഷോഭകരുടെ നിയന്ത്രണത്തിലുള്ള ഡോണ്‍ടെസ്കില്‍ ജനകീയ കൗണ്‍സിലിന്റെ സ്വയം പ്രഖ്യാപിത അധ്യക്ഷന്‍ മേയ് 11-ന് റഷ്യയില്‍ ചേരുന്നത് സംബന്ധിച്ച് ഹിതപരിശോധന പ്രഖ്യാപിച്ചിട്ടുണ്ട്. സ്ലാവ്യാന്‍സ്ക് നഗരത്തിലും റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണം ശക്തമാണ്.
മാര്യുപോളിലും സ്ലാവ്യാന്‍സ്കിലും ഉക്രൈന്‍ ആരംഭിച്ച സൈനിക നടപടിയെ റഷ്യ ശക്തമായി എതിര്‍ത്തിട്ടുണ്ട്. അതേസമയം, റഷ്യന്‍ സഹായത്തോടെയാണ് പ്രക്ഷോഭകാരികളുടെ നടപടികളെന്ന് ഉക്രൈനും യു.എസും ഇ.യുവും ആരോപിക്കുന്നു.
ഫെബ്രുവരി അവസാനം റഷ്യന്‍ അനുകൂലിയായിരുന്ന പ്രസിഡന്റ് വിക്തോര്‍ യാനുകോവിച്ചിനെ അട്ടിമറിച്ചതോടെയാണ് ആദ്യം ക്രിമിയയിലും പിന്നീട് കിഴക്കന്‍ ഉക്രൈനിലും സംഘര്‍ഷം ഉടലെടുത്തത്. റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയ ഉക്രൈന്‍ വിട്ട് റഷ്യയോട് ചേര്‍ന്നു. കിഴക്കന്‍ ഉക്രൈനിലും നല്ലൊരു പങ്ക് റഷ്യന്‍ ഭാഷ സംസാരിക്കുന്നവരാണ്.

