സംഘര്‍ഷ ബാധിതമായ കിഴക്കന്‍ ഭാഗങ്ങളില്‍ ഉക്രൈന്‍ സായുധ നടപടി സ്വീകരിച്ചാല്‍ അത് വരാനിരിക്കുന്ന സമാധാന ചര്‍ച്ചകളെ ബാധിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. കിഴക്കന്‍ നഗരമായ സ്ലാവ്യാന്‍സ്കില്‍ കടുത്ത വെടിവെപ്പ് നടക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഉക്രൈന്‍, റഷ്യ, യു.എസ്, ഇ.യു എന്നിവ തമ്മില്‍ വരുന്ന വ്യാഴാഴ്ചയാണ് ചര്‍ച്ചകള്‍ നിശ്ചയിച്ചിട്ടുള്ളത്.
കിഴക്കന്‍ നഗരങ്ങളില്‍ റഷ്യന്‍ അനുകൂലികള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പിടിച്ചെടുക്കുന്നത് തുടരുന്നതോടെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഉക്രൈന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്ലാവ്യാന്‍സ്കില്‍ തീവ്രവാദ വിരുദ്ധ നടപടി ആരംഭിച്ചതായും ഉക്രൈന്‍ ആഭ്യന്തര മന്ത്രി ആര്‍സാന്‍ അവകൊവ് അറിയിച്ചിരുന്നു.
ശനിയാഴ്ച മൂന്ന്‍ നഗരങ്ങളില്‍ റഷ്യന്‍ അനുകൂലികള്‍ പോലീസ് സ്റ്റേഷനുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രാദേശിക തലസ്ഥാനമായ ഡോണ്‍ടെസ്കിലെ പ്രധാന സര്‍ക്കാര്‍ കെട്ടിടം ഒരാഴ്ചയായി വിമതരുടെ നിയന്ത്രണത്തിലാണ്. റഷ്യന്‍ വംശജര്‍ ധാരാളമുള്ള ഉക്രൈന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ റഷ്യന്‍ അനുകൂല പ്രസിഡന്റായിരുന്ന വിക്തോര്‍ യാനുകോവിച്ചിനെ ഫെബ്രുവരിയില്‍ പുറത്താക്കിയതിന് ശേഷം സംഘര്‍ഷം പതിവായിരിക്കുകയാണ്. ക്രൈമിയന്‍ മാതൃകയില്‍ ഈ പ്രദേശങ്ങളെ ഉക്രൈനില്‍ നിന്ന്‍ വേര്‍പെടുത്താന്‍ റഷ്യ ശ്രമിക്കുന്നതായാണ് ഉക്രൈന്റെ ആരോപണം.
നേരത്തെ, റഷ്യ ഉക്രൈനില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് യു.എസ് കുറ്റപ്പെടുത്തിയിരുന്നു. ലാവ്റോവുമായി ഫോണില്‍ സംസാരിച്ച യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സംഘര്‍ഷത്തില്‍ അയവ് വരുത്താനുള്ള നടപടികള്‍ റഷ്യ സ്വീകരിക്കുന്നില്ലെങ്കില്‍ കൂടുതല്‍ അനന്തര ഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന ആരോപണം റഷ്യ തുടര്‍ച്ചയായി നിഷേധിക്കുകയാണ്.
