ഉക്രൈന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പിടിച്ചെടുത്ത റഷ്യന്‍ അനുകൂല പ്രക്ഷോഭകര്‍ക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനെതിരെ ഉക്രൈന് റഷ്യ മുന്നറിയിപ്പ് നല്‍കി. സൈനിക നടപടി ഉടന്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ അത് ആഭ്യന്തര യുദ്ധത്തിന് വഴിതെളിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ഉക്രൈന്റെ കിഴക്കന്‍ പ്രദേശത്തെ ഖാര്‍കിവ്, ലുഗാന്‍സ്ക്, ഡോനെട്സ്ക് എന്നീ നഗരങ്ങളിലാണ് റഷ്യന്‍ അനുകൂല പ്രക്ഷോഭകര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയ്യടക്കിയിരിക്കുന്നത്. ഉക്രൈനില്‍ നിന്ന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഇവര്‍ ക്രിമിയന്‍ മാതൃകയില്‍ ഹിതപരിശോധന നടത്തി റഷ്യയോട് ചേരുമെന്നും അറിയിച്ചിട്ടുണ്ട്.
റഷ്യയോട് അതിര്‍ത്തി പങ്കിടുന്ന ഉക്രൈന്റെ കിഴക്കും തെക്കും പ്രദേശങ്ങളില്‍ ഒട്ടേറെ റഷ്യന്‍ വംശജര്‍ അധിവസിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ ഉക്രൈനിലെ റഷ്യന്‍ അനുകൂല പ്രസിഡന്റ് വിക്തോര്‍ യാനുകോവിച്ചിനെ പാര്‍ലിമെന്റ് പുറത്താക്കിയതോടെ ഈ മേഖലകളില്‍ അസ്വസ്ഥതകള്‍ വര്‍ധിച്ചിരുന്നു.
അക്രമങ്ങള്‍ക്ക് പിന്നിലെ റഷ്യയാണെന്ന് കഴിഞ്ഞ ദിവസം ഉക്രൈന്‍ ആരോപിച്ചിരുന്നു. ഉക്രൈനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളില്‍ നിന്ന്‍ റഷ്യ പിന്മാറണമെന്ന് യു.എസ്സും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഈ ആരോപണങ്ങള്‍ റഷ്യ തള്ളി. ഉക്രൈന്റെ തെക്കും കിഴക്കും പ്രദേശങ്ങളിലേക്ക് ഉക്രൈന്‍ സൈനികരെ അയക്കുന്നതായും ഇതില്‍ പ്രത്യേക ഉക്രൈന്‍ സേന എന്ന പേരില്‍ വിന്യസിക്കുന്നത് യു.എസിലെ ഗ്രേസ്റ്റോണ്‍ ലിമിറ്റഡ് എന്ന സ്വകാര്യ സുരക്ഷാ കമ്പനിയുടെ സൈനികരെയുമാണെന്ന് റഷ്യ ആരോപിച്ചു.

