യൂടൂബിനു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കാന്‍ തുര്‍ക്കി സര്‍ക്കാറിനോട് തലസ്ഥാനമായ അങ്കാറയിലെ ഒരു കോടതി ആവശ്യപ്പെട്ടു. ട്വിറ്ററിന് മേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിയതിന് പിന്നാലെയാണ് സമാനമായ വിധി. യൂടൂബ് നിരോധനം അങ്ങേയറ്റം വിശാലമായ ഒരു നടപടി ആയെന്നും പകരം 15 പ്രത്യേക വിഡിയോകള്‍ മാത്രം തടഞ്ഞാല്‍ മതിയെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രാദേശിക കോടതിയാണ് നിരോധനം നീക്കിയത് എന്നതിനാല്‍ സര്‍ക്കാറിന് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. അപ്പീലില്‍ തീരുമാനമാകുന്നത് വരെ യൂടൂബ് നിരോധനം തുടര്‍ന്നേക്കാം. എന്നാല്‍, തുര്‍ക്കിയിലെ പരമോന്നത ഭരണഘടനാ കോടതിയാണ് ട്വിറ്ററിന് മേലുണ്ടായിരുന്ന നിരോധനം നീക്കിയത്.
മാര്‍ച്ച് 27-നാണ് തുര്‍ക്കി യൂടൂബ് നിരോധിച്ചത്. ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയില്‍ നിന്ന്‍ തുര്‍ക്കിയുടെ ഭാഗത്തേക്ക് വേഷം മാറി ആക്രമണം നടത്തി അതിന്റെ പേരില്‍ സിറിയയ്ക്കെതിരെ ആക്രമണം നടത്താനുള്ള ഒരു പദ്ധതി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ യൂടൂബില്‍ വന്നതിന് പിന്നാലെയായിരുന്നു നടപടി. ഈ ദൃശ്യങ്ങള്‍ അടങ്ങുന്ന വിഡിയോയും തടഞ്ഞിരിക്കുന്ന 15 എണ്ണത്തില്‍ പെടും.
പ്രധാനമന്ത്രി റസിപ് തയ്യിപ് എദ്രുവാന്റെ അഴിമതി സംബന്ധിച്ച രേഖകള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ വെബ്സൈറ്റ് നിരോധിച്ചത്. വ്യാഴാഴ്ചയാണ് ഭരണഘടനാ കോടതി നിരോധനം നീക്കിയത്. വിധിയെ താന്‍ ബഹുമാനിക്കുന്നില്ലെന്ന് എദ്രുവാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ ഒരു ദശാബ്ദമായി തുര്‍ക്കിയില്‍ അധികാരത്തിലിരിക്കുന്ന എദ്രുവാന്റെ എ.കെ പാര്‍ട്ടി ഈയിടെ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 45 ശതമാനം വോട്ടു നേടി വിജയം കരസ്ഥമാക്കിയിരുന്നു.

