കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് ജേതാവായി. ഇതോടെ ആനന്ദിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്‍റെ എതിരാളിയായി വീണ്ടും മത്സരിക്കാനാകും. 2007 മുതല്‍ 2013 വരെ ലോക ചാമ്പ്യനായിരുന്ന ആനന്ദിനെ തോല്‍പ്പിച്ചാണ് കഴിഞ്ഞ വര്‍ഷം കാള്‍സന്‍ ലോകചാമ്പ്യനായത്. ഒരു ഗെയിം പോലും തോല്ക്കാതെയാണ് ആനന്ദ് ഇത്തവണ ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്.
റഷ്യയിലെ മാന്‍സിസ്‌കില്‍ നടന്ന ഡബിള്‍ റൗണ്ട് റോബിന്‍ ടൂര്‍ണമെന്റില്‍ എട്ട് ഗ്രാന്‍ഡ് മാസ്റ്റര്‍മാരാണ് പങ്കെടുത്തത്. മുന്‍ ചാന്പ്യന്മാരായ വ്‌ളാദിമിര്‍ ക്രാംനിക്, വസലിന്‍ ടോപ്പലോവ്, പീറ്റര്‍ സ്വിഡ്‌ലര്‍, ഷഖ്രിയാര്‍ മെമദ്യാരോവ്, കര്യാക്കിന്‍, ആന്ദ്രെയ്കിന്‍, അറോണിയന്‍ എന്നിവരായിരുന്നു ടൂര്‍ണമെന്റില്‍ ആനന്ദിനെ കൂടാതെയുണ്ടായിരുന്ന താരങ്ങള്‍.
13 റൗണ്ടുകളില്‍നിന്ന് എട്ടു പോയിന്റുമായാണ് ആനന്ദിന്റെ മുന്നേറ്റം. പതിന്നാലാമത്തെയും അവസാനത്തെയും റൗണ്ടില്‍ പീറ്റര്‍ സ്വിഡ്‌ലറാണ് ആനന്ദിന്റെ എതിരാളി. ആനന്ദ് യോഗ്യത നേടിക്കഴിഞ്ഞതോടെ ഈ ഗെയിമിന് പ്രസക്തി നഷ്ടപ്പെട്ടു. നവംബര്‍ 5 മുതല്‍ 25 വരെയാണ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ നടക്കുന്നത്. വേദി നിശ്ചയിച്ചിട്ടില്ല.

