Skip to main content
മോസ്കോ

ക്രിമിയ ഉക്രൈനില്‍ നിന്ന്‍ വേര്‍പെട്ട് റഷ്യയുടെ ഭാഗമായതിനെ തുടര്‍ന്ന്‍ റഷ്യയും യു.എസും തമ്മില്‍ ഉടലെടുത്ത തര്‍ക്കം നയതന്ത്ര പരിഹാരത്തിലേക്ക്. ഉക്രൈനെ ആക്രമിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്ന് റഷ്യ ശനിയാഴ്ച പ്രഖ്യാപിച്ചു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇന്ന്‍ പാരീസില്‍ കൂടിക്കാഴ്ച നടത്തും.

 

വെള്ളിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയില്‍ അയവ് വന്നത്. നേരത്തെ, ഏതാനും റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു.

 

ഉക്രൈന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ റഷ്യ പതിനായിരക്കണക്കിന് സൈനികരെ വിന്യസിച്ചിട്ടുള്ളതായി യു.എസ് ആരോപിച്ചിരുന്നു. ഇവരെ നീക്കണമെന്നും ഉക്രൈന് നേരെ ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കണമെന്നും ഒബാമ പുടിനോട് ആവശ്യപ്പെട്ടിരുന്നു. പ്രശ്നത്തിന് നയതന്ത്ര പരിഹാരമാണ് യു.എസ് ആഗ്രഹിക്കുന്നതെന്നും ഒബാമ പറഞ്ഞിരുന്നു.  

 

ഉക്രൈന്റെ കിഴക്കും തെക്കുമുള്ള റഷ്യന്‍ വംശജരുടെ സുരക്ഷയില്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള റഷ്യ പ്രശ്നപരിഹാരത്തിന് ഉക്രൈന്‍ ഒരു ഫെഡറേഷന്‍ ആകണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇവിടെ അക്രമികള്‍ അഴിഞ്ഞാടുകയാണെന്നും സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ആഗോള സമൂഹത്തിന്റെ സഹായമുണ്ടാകണമെന്നും ടെലിഫോണ്‍ സംഭാഷണത്തില്‍ ഒബാമയോട് പുടിന്‍ നിര്‍ദ്ദേശിച്ചിരുന്നു.

 

ഉക്രൈന്‍ ഫെഡറേഷന്‍ ആകണമെന്നും യു.എസ് നേതൃത്വത്തിലുള്ള പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയില്‍ ചേരരുതെന്നും ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ക്രമസമാധാന നില ഉറപ്പ് വരുത്തണമെന്നുമായിരിക്കും കെറിയുമായുള്ള കൂടിക്കാഴ്ചയില്‍ റഷ്യയുടെ പ്രധാന ആവശ്യങ്ങളെന്ന് ലാവ്റോവ് സൂചിപ്പിച്ചു. വിഷയത്തില്‍ മോസ്കോയും പാശ്ചാത്യ രാഷ്ട്രങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കുറഞ്ഞുവരികയാണെന്നും ലാവ്റോവ് പറഞ്ഞു.