റഷ്യയുടെ ഭാഗമായ ക്രിമിയയില്‍ നിന്ന്‍ തങ്ങളുടെ സൈനികരെ പിന്‍വലിക്കുകയാണെന്ന് ഉക്രൈന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. കാലത്ത് ക്രിമിയയിലെ തുറമുഖ നഗരമായ ഫെഡോഷ്യയിലെ ഉക്രൈന്‍ സേനാ താവളം റഷ്യന്‍ സൈനികര്‍ കീഴടക്കിയതിന് പിന്നാലെയാണ് തീരുമാനം ഇടക്കാല പ്രസിഡന്റ് ഒലക്സാണ്ടര്‍ ടാര്‍ക്കിനെവ് പ്രഖ്യാപിച്ചത്.
48 മണിക്കൂറിനുള്ളില്‍ റഷ്യ പിടിച്ചെടുക്കുന്ന മൂന്നാമത്തെ സേനാതാവളമാണ് ഫെഡോഷ്യയിലേത്. കരിങ്കടലിലെ സൈനിക പ്രാധാന്യമുള്ള പ്രദേശമായ ക്രിമിയയിലെ ഉക്രൈന്‍ സേനാതാവളങ്ങള്‍ മിക്കവയും റഷ്യന്‍ സൈനികര്‍ കയ്യടക്കിയിട്ടുണ്ട്. കാര്യമായ എതിര്‍പ്പുകള്‍ നേരിടാതെ താരതമ്യേന രക്തരഹിതമായാണ് നടപടി.
ഭൂരിപക്ഷമുള്ള ഉക്രൈനിലെ സ്വയംഭരണ പ്രദേശമായിരുന്ന ക്രിമിയയെ മാര്‍ച്ച് 21-നാണ് റഷ്യ ഔദ്യോഗികമായി തങ്ങളുടെ ഭാഗമായി ചേര്‍ത്തത്. റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയയില്‍ നടന്ന ഹിതപരിശോധനയില്‍ ഉക്രൈനില്‍ നിന്ന്‍ വേര്‍പെടാനുള്ള വിധിയെഴുത്തിനെ തുടര്‍ന്നായിരുന്നു നടപടി. ഉക്രൈനിലെ റഷ്യന്‍ അനുകൂല പ്രസിഡന്റായിരുന്ന വിക്തോര്‍ യാനുകോവിച്ചിനെ ഫെബ്രുവരി അവസാനം പാര്‍ലിമെന്റ് പുറത്താക്കിയതാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിന് നിമിത്തമായത്.

