ഉക്രൈനിലെ സ്വയംഭരണ പ്രദേശമായിരുന്ന ക്രിമിയ ഇനി മുതല്‍ റഷ്യയുടെ ഭാഗം. ക്രിമിയന്‍ നേതാക്കളുമായി ഇത് സംബന്ധിച്ച ഉടമ്പടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ചൊവാഴ്ച ഒപ്പ് വെച്ചു. റഷ്യന്‍ പാര്‍ലിമെന്റായ ഡ്യൂമയില്‍ നടത്തിയ പ്രസംഗത്തില്‍ ഉക്രൈനിലെ റഷ്യന്‍ വംശജരുടെ അവകാശങ്ങള്‍ ഇടക്കാല സര്‍ക്കാര്‍ ലംഘിക്കുകയാണെന്നും പാശ്ചാത്യ രാഷ്ട്രങ്ങള്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും പുടിന്‍ ആരോപിച്ചു.
റഷ്യന്‍ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനവും കരിങ്കടല്‍ തീരത്തെ തന്ത്രപ്രധാന പ്രദേശമെന്ന നിലയില്‍ സൈനികമായി പ്രാധാന്യവുമുള്ള ക്രിമിയ ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം റഷ്യയിലേക്ക് തിരിച്ചെത്തുകയാണ് ഇപ്പോള്‍. റഷ്യയും ഉക്രൈനും സോവിയറ്റ് യൂണിയന്റെ ഭാഗമായിരിക്കെ 1954-ലാണ് ക്രിമിയയെ റഷ്യയില്‍ നിന്ന്‍ വേര്‍പെടുത്തി ഉക്രൈന്റെ ഭാഗമാക്കിയത്. ക്രിമിയന്‍ ജനതയുടെ വികാരം മാനിക്കാതെ ഉരുളക്കിഴങ്ങ് ചാക്കുകള്‍ കൈമാറുന്നത് പോലെയായിരുന്നു സോവിയറ്റ് നേതാവായിരുന്ന നിഖിത ക്റൂഷ്ച്ചേവിന്റെ നടപടിയെന്ന്‍ പുടിന്‍ വിമര്‍ശിച്ചു.
ഉക്രൈനുമായി നല്ല ബന്ധത്തില്‍ കഴിയാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും പുടിന്‍ പറഞ്ഞു. റഷ്യന്‍ നഗരങ്ങളുടെ അമ്മയാണ് ഉക്രൈന്‍ തലസ്ഥാനമായ കീവ് എന്ന് പുടിന്‍ വിശേഷിപ്പിച്ചു. ഉക്രൈനില്‍ സമാധാനപരമായി പ്രക്ഷോഭം നടത്തിയവരോട് അനുഭാവം പ്രകടിപ്പിച്ച പുടിന്‍ അവസാന ദിവസങ്ങളില്‍ നടന്ന അക്രമങ്ങള്‍ നടത്തിയത് പാശ്ചാത്യ പിന്തുണയുള്ള ദേശീയവാദികളും നവ നാസികളും സെമിറ്റിക് വിരുദ്ധരുമാണെന്ന് ആരോപിച്ചു.
ഡ്യൂമയുടെ രണ്ട് സഭകളും ഭരണഘടനാ കോടതിയും ഉടമ്പടി അംഗീകരിക്കുന്നതോടെ മാത്രമേ ഔദ്യോഗികമായി ക്രിമിയ റഷ്യയുടെ ഭാഗമാകുകയെങ്കിലും ഇത് കേവലം ഔപചാരികത മാത്രമാണ്. ക്രിമിയയില്‍ ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ പങ്കെടുത്ത 97 ശതമാനം പേരും ഉക്രൈന്‍ വിട്ട് റഷ്യയുടെ ഭാഗമാകണമെന്ന നിര്‍ദ്ദേശത്തെ പിന്തുണച്ചതായി അവകാശപ്പെട്ട ക്രിമിയയിലെ പാര്‍ലിമെന്റ് തിങ്കളാഴ്ച ക്രിമിയയെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയും റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാകാന്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഫെബ്രുവരി അവസാനം മുതല്‍ റഷ്യയുടെ നിയന്ത്രണത്തിലാണ് റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയ. ഉക്രൈനിലെ റഷ്യന്‍ അനുകൂല പ്രസിഡന്റ് വിക്തോര്‍ യാനുകോവിച്ചിനെ ഫെബ്രുവരി 22-ന് പാര്‍ലിമെന്റ് പുറത്താക്കിയതിനെ തുടര്‍ന്നാണ് ക്രിമിയയുടെ നിയന്ത്രണം റഷ്യ കയ്യടക്കിയത്.
പുടിന്റെ ഉപദേശകര്‍ അടക്കമുള്ള റഷ്യന്‍ ഉദ്യോഗസ്ഥരുടേയും ക്രിമിയയിലെ ഉദ്യോഗസ്ഥരുടേയും വ്യക്തിപര ആസ്തികള്‍ക്ക് യു.എസും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും റഷ്യ ഇതിനെ സാരമായി കണക്കാക്കുന്നില്ല. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്നുള്ള പ്രകൃതിവാതകത്തെ ആശ്രയിക്കുന്ന യൂറോപ്പിന്റെ ഉപരോധ നടപടികള്‍ കൂടുതലും പ്രതീകാത്മകം മാത്രമായിരിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

