ഉക്രൈനില്‍ നിന്ന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ക്രിമിയന്‍ പാര്‍ലിമെന്റിന്റെ നടപടിയ്ക്ക് പിന്തുണയുമായി ക്രിമിയയെ സ്വതന്ത്ര പരമാധികാര രാജ്യമായി അംഗീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉത്തരവിറക്കി. അതേസമയം, പുടിന്റെ ഉപദേശകര്‍ അടക്കമുള്ള റഷ്യന്‍ ഉദ്യോഗസ്ഥരുടേയും ക്രിമിയയിലെ ഉദ്യോഗസ്ഥരുടേയും വ്യക്തിപര ആസ്തികള്‍ക്ക് യു.എസും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തി. ശീതയുദ്ധകാലത്തിന് ശേഷം റഷ്യയും പാശ്ചാത്യ രാഷ്ട്രങ്ങളും തമ്മിലുള്ള ഏറ്റവും രൂക്ഷമായ സംഘര്‍ഷത്തിന്റെ കാരണമാകുകയാണ് ക്രിമിയ.
ക്രിമിയയില്‍ ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ പങ്കെടുത്ത 97 ശതമാനം പേരും ഉക്രൈന്‍ വിട്ട് റഷ്യയുടെ ഭാഗമാകണമെന്ന നിര്‍ദ്ദേശത്തെ പിന്തുണച്ചതായി അവകാശപ്പെട്ട ക്രിമിയയിലെ പാര്‍ലിമെന്റ് തിങ്കളാഴ്ച ക്രിമിയയെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയും റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാകാന്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. റഷ്യയുടെ പാര്‍ലിമെന്റായ ഡ്യൂമയുടെ പ്രത്യേക സമ്മേളനത്തെ പുടിന്‍ ഇന്ന്‍ അഭിസംബോധന ചെയ്യുന്നുണ്ട്. ക്രിമിയയെ രാജ്യത്തിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച് ഡ്യൂമയാണ് തീരുമാനമേടുക്കെണ്ടത്.
ഫെബ്രുവരി അവസാനം മുതല്‍ റഷ്യയുടെ നിയന്ത്രണത്തിലാണ് റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയ. ഉക്രൈനിലെ റഷ്യന്‍ അനുകൂല പ്രസിഡന്റ് വിക്തോര്‍ യാനുകോവിച്ചിനെ ഫെബ്രുവരി 22-ന് പാര്‍ലിമെന്റ് പുറത്താക്കിയതിനെ തുടര്‍ന്നാണ് കരിങ്കടലിലെ തന്ത്രപ്രധാന പ്രദേശമായ ക്രിമിയയുടെ നിയന്ത്രണം റഷ്യ കയ്യടക്കിയത്. റഷ്യയും ഉക്രൈനും സോവിയറ്റ് യൂണിയന്റെ ഭാഗമായിരിക്കെ 1954-ലാണ് ക്രിമിയയെ റഷ്യയില്‍ നിന്ന്‍ വേര്‍പെടുത്തി ഉക്രൈന്റെ ഭാഗമാക്കിയത്.
ഹിതപരിശോധന നിയമവിരുദ്ധമാണെന്ന നിലപാടിലാണ് ഇടക്കാല ഉക്രൈന്‍ സര്‍ക്കാറും അവരെ പിന്തുണക്കുന്ന പാശ്ചാത്യ രാഷ്ട്രങ്ങളും. യാനുകോവിച്ച്, പുടിന്റെ ഉപദേശകരായ വ്ലാദിസ്ലാവ് സുര്‍കോവ്, സെര്‍ജി ഗ്ലാസിയെവ് എന്നിവരടക്കം 11 റഷ്യന്‍, ക്രിമിയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഉപരോധം പ്രഖ്യാപിച്ചു. ബ്രസല്‍സില്‍ യോഗം ചേര്‍ന്ന ഇ.യു വിദേശകാര്യ മന്ത്രിമാര്‍ 28 റഷ്യന്‍, ക്രിമിയന്‍ ഉദ്യോഗസ്ഥരുടെ മേല്‍ വിസ നിയന്ത്രണം ഏര്‍പ്പെടുത്താനും സ്വത്തുക്കള്‍ മരവിപ്പിക്കാനും തീരുമാനിച്ചു. ഇതില്‍ മൂന്ന്‍ റഷ്യന്‍ സൈനിക കമാണ്ടര്‍മാര്‍ ഉള്‍പ്പെടും.
ഉക്രൈനില്‍ ഇടപെടുന്നത് റഷ്യ തുടരുകയാണെങ്കില്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഒബാമയും ഇ.യുവും പറഞ്ഞു. ഉക്രൈന്റെ കിഴക്കന്‍ മേഖലകളില്‍ ഒട്ടേറെ റഷ്യന്‍ വംശജര്‍ അധിവസിക്കുന്നുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ഉക്രൈന്‍ സര്‍ക്കാര്‍ പരാജയമാണെന്ന ആരോപണം പുടിന്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
എന്നാല്‍, ഉപരോധം റഷ്യന്‍ ഓഹരികളിലും നാണയമായ റൂബിളിലും കാര്യമായ സമ്മര്‍ദ്ദം ഉണ്ടാക്കിയിട്ടില്ല. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്നുള്ള പ്രകൃതിവാതകത്തെ ആശ്രയിക്കുന്ന യൂറോപ്പിന്റെ ഉപരോധ നടപടികള്‍ കൂടുതലും പ്രതീകാത്മകം മാത്രമാണ്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ജര്‍മ്മനിയുടെ പ്രകൃതിവാതകത്തിന്റെ 40 ശതമാനവും റഷ്യയില്‍ നിന്നാണ് ലഭിക്കുന്നത്. റഷ്യയ്ക്കെതിരെയുള്ള നടപടികളിലൂടെ ഏതെങ്കിലും യൂറോപ്യന്‍ രാഷ്ട്രത്തിനുണ്ടാകുന്ന നഷ്ടം ഇ.യു വഹിക്കണമെന്ന ആവശ്യം ലാത്വിയ ഇതിനകം മുന്നോട്ട് വെച്ചിട്ടുണ്ട്.

