ക്രിമിയയിലെ പാര്‍ലിമെന്റ് ഉക്രൈനില്‍ നിന്ന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാകാന്‍ അനുവദിക്കണമെന്ന അഭ്യര്‍ഥനയും പാര്‍ലിമെന്റ് പാസാക്കി. ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ 96 ശതമാനം പേര്‍ ഉക്രൈന്‍ വിട്ട് റഷ്യയോട് ചേരണമെന്ന നിര്‍ദ്ദേശത്തെ അനുകൂലിച്ചതായി ക്രിമിയയിലെ പ്രാദേശിക സര്‍ക്കാര്‍ അറിയിച്ചിരുന്നു.
എന്നാല്‍, ഉക്രൈനിലെ ഇടക്കാല സര്‍ക്കാര്‍ ഹിതപരിശോധനയെ അംഗീകരിച്ചിട്ടില്ല. മോസ്കോയുടെ തോക്കിന്‍മുനയില്‍ നടത്തിയ സര്‍ക്കസായിരുന്നു ഹിതപരിശോധനയെന്ന്‍ ഉക്രൈനിലെ ഇടക്കാല പ്രധാനമന്ത്രി ആര്‍സെനി യാട്സെന്യുക് ആരോപിച്ചു.
ഉക്രൈനിലെ റഷ്യന്‍ അനുകൂല പ്രസിഡന്റ് വിക്തോര്‍ യാനുകോവിച്ചിനെ ഫെബ്രുവരി 22-ന് പാര്‍ലിമെന്റ് പുറത്താക്കിയതിന് പിന്നാലെ റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയയുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തിരുന്നു. റഷ്യയും ഉക്രൈനും സോവിയറ്റ് യൂണിയന്റെ ഭാഗമായിരിക്കെ 1954-ലാണ് കരിങ്കടലിലെ തന്ത്രപ്രധാന പ്രദേശമായ ക്രിമിയയെ റഷ്യയില്‍ നിന്ന്‍ വേര്‍പെടുത്തി സ്വയംഭരണ ഉക്രൈന്റെ ഭാഗമാക്കിയത്.
ഹിതപരിശോധന നിയമവിരുദ്ധമാണെന്ന നിലപാടെടുത്തിട്ടുള്ള യൂറോപ്യന്‍ യൂണിയനും യു.എസും റഷ്യയ്ക്ക് മേല്‍ ഉടന്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി സംസാരിച്ച യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഇക്കാര്യം പുടിനോട് പറഞ്ഞതായി വൈറ്റ്‌ഹൌസ് അറിയിച്ചു. അതേസമയം, ശീതയുദ്ധകാലത്തിന് സമാനമായി റഷ്യയും പാശ്ചാത്യ രാഷ്ട്രങ്ങളും തമ്മില്‍ ഉടലെടുത്ത ഈ തര്‍ക്കം നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന് ഇരു നേതാക്കളും കരുതുന്നതായി ക്രെംലിനും വൈറ്റ്‌ഹൌസും പുറപ്പെടുവിച്ച പ്രസ്താവനകള്‍ പറയുന്നു.
20 ലക്ഷം ജനസംഖ്യയുള്ള പ്രദേശത്തെ 15 ലക്ഷത്തോളം വോട്ടര്‍മാരില്‍ 83 ശതമാനം പേരും ഹിതപരിധോധനയില്‍ പങ്കെടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മിഖായേല്‍ മല്യഷെവ് അറിയിച്ചു. വോട്ടെടുപ്പ് നടക്കുമ്പോള്‍ തന്നെ തലസ്ഥാനമായ സിംഫെറോപോളിലെ ലെനിന്‍ ചത്വരത്തില്‍ റഷ്യന്‍ പതാകകളുമായി ജനങ്ങള്‍ ആഹ്ലാദ പ്രകടനം തുടങ്ങിയിരുന്നു.

