ഉക്രൈനിലെ സ്വയംഭരണ പ്രദേശമായ ക്രിമിയയിലെ പാര്‍ലിമെന്റ് റഷ്യയുടെ ഭാഗമാകാന്‍ തീരുമാനിച്ചു. ഇതിന് അംഗീകാരം തേടി മാര്‍ച്ച് 16-ന് ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തും. എന്നാല്‍, ഉക്രൈനും പാശ്ചാത്യ രാഷ്ട്രങ്ങളും തീരുമാനത്തെ അപലപിച്ചു.
എതിര്‍പ്പിലാതെയാണ് വ്യാഴാഴ്ച പാര്‍ലിമെന്റില്‍ പ്രമേയം പാസാക്കിയത്. 78 പേര്‍ അനുകൂലിച്ചപ്പോള്‍ എട്ടു പേര്‍ വോട്ടെടുപ്പില്‍ നിന്ന്‍ വിട്ടുനിന്നു. റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയയുടെ നിയന്ത്രണം കഴിഞ്ഞ ആഴ്ച റഷ്യന്‍ സേന കയ്യടക്കിയിരുന്നു. ഉക്രൈനിലെ റഷ്യന്‍ അനുകൂല പ്രസിഡന്റായിരുന്ന വിക്തോര്‍ യാനുകോവിച്ചിനെ പ്രക്ഷോഭത്തെ തുടര്‍ന്ന്‍ ഉക്രൈന്‍ പാര്‍ലിമെന്റ് പുറത്താക്കിയതോടെയാണ് മേഖല സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
എന്നാല്‍, ഹിതപരിശോധന നടത്താനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് ഉക്രൈന്‍ സര്‍ക്കാര്‍ ആരോപിച്ചു. യൂറോപ്യന്‍ യൂണിയനും യു.എസും സമാനമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വ്യാഴാഴ്ച ഒരു മണിക്കൂറോളം റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. പ്രശ്നത്തിന് നയതന്ത്ര പരിഹാരം കാണാന്‍ ഒബാമ പുടിനോട് ആവശ്യപ്പെട്ടു. എന്നാല്‍, എത്രതന്നെ പ്രധാനമായിരുന്നാലും ഒറ്റതിരിഞ്ഞ പ്രശ്നങ്ങളുടെ പേരില്‍ റഷ്യ-യു.എസ് ബന്ധം ബാധിക്കപ്പെടരുതെന്ന് പുടിന്‍ ആവശ്യപ്പെട്ടു ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇരുനേതാക്കളും സംഭാഷണം നടത്തുന്നത്.

