Skip to main content
കീവ്

jihn kerry and sergey lavrovഉക്രൈന്‍ പ്രശ്നത്തില്‍ റഷ്യയും യു.എസ്സും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തും. വിഷയത്തില്‍ യു.എന്‍ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളും പാരീസില്‍ വെച്ച് നടത്തുന്ന ചര്‍ച്ചയ്ക്ക് പിന്നാലെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമാണ് കൂടിക്കാഴ്ച നടത്തുക. ഇതിന് സമാന്തരമായി റഷ്യയും യു.എസ് നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റൊയും തമ്മില്‍ ബ്രസല്‍സില്‍ ചര്‍ച്ച നടത്തുന്നുണ്ട്.  

 

റഷ്യന്‍ അനുകൂല പ്രസിഡന്റ് വിക്തോര്‍ യാനുകോവിച്ച് ഫെബ്രുവരി 22-ന് പുറത്താക്കപ്പെടുകയും ഉക്രൈനില്‍ യൂറോപ്യന്‍ അനുകൂല ഭരണകൂടം നിലവില്‍ വരികയും ചെയ്തതോടെ ഉക്രൈനിന്റെ ഭാഗമായ ക്രിമിയന്‍ ഉപഭൂഖണ്ഡത്തിന്റെ നിയന്ത്രണം രക്തരഹിത സൈനിക നീക്കത്തിലൂടെ റഷ്യ കയ്യടക്കുകയായിരുന്നു. കരിങ്കടലിലെ സുപ്രധാന റഷ്യന്‍ നാവികസേനാ താവളം സ്ഥിതി ചെയ്യുന്ന ക്രിമിയ റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള സ്വയംഭരണ പ്രദേശമാണ്.

 

പിടിച്ചടക്കലിനെ ചൊവ്വാഴ്ച വീണ്ടും ന്യായീകരിച്ച റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉക്രൈനിലെ റഷ്യന്‍ വംശജരുടെ സുരക്ഷയ്ക്കായി സൈനികമായ ഇടപെടല്‍ നടത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പ്രസ്താവിച്ചതോടെ റഷ്യന്‍ വംശജര്‍ കൂടുതലായി പാര്‍ക്കുന്ന ഉക്രൈന്റെ കിഴക്കന്‍ ഭാഗങ്ങളും റഷ്യന്‍ സൈനിക നീക്കത്തിന്റെ ഭീഷണിയിലാണ്. എന്നാല്‍, അവസാന സാധ്യതയെന്ന നിലയിലേ സൈന്യത്തെ പരിഗണിക്കൂ എന്ന്‍ പുടിന്‍ പറഞ്ഞു.

 

യുദ്ധമൊഴിവാക്കാനും ക്രിമിയയില്‍ നിന്ന്‍ റഷ്യന്‍ സൈനികരെ പിന്‍വലിക്കാനുമുള്ള നയതന്ത്ര ശ്രമങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. റഷ്യ തങ്ങളുടെ സൈനികരെ പിന്‍വലിച്ചില്ലെങ്കില്‍ വ്യാഴാഴ്ച ചേരുന്ന ഇ.യു യോഗം റഷ്യയ്ക്ക് മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോരന്റ് ഫാബിയസ് പറഞ്ഞു.

 

പ്രശ്നത്തില്‍ തങ്ങളുടെ നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചന നല്‍കി ഉക്രൈനിലെ റഷ്യയുടെ താല്‍പ്പര്യങ്ങള്‍ സാധുതയുള്ളതാണെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പ്രസ്താവിച്ചു. എന്നലം അത് സൈനികമായി ഇടപെടുന്നതിന് പുടിന് അനുമതി നല്‍കുന്നില്ലെന്ന് ഒബാമ കൂട്ടിച്ചേര്‍ത്തു.