ആഗോള സോഫ്റ്റ്‌വെയര്‍ കമ്പനി മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ പുതിയ സി.ഇ.ഒ ആയി ഇന്ത്യന്‍ വംശജന്‍ സത്യ നഡെല്ലയെ നിയമിച്ചു. കമ്പനിയുടെ സ്ഥാപകനായ ബില്‍ ഗേറ്റ്സ് ചെയര്‍മാന്‍ പദവി ഒഴിഞ്ഞു. എന്നാല്‍, സാങ്കേതിക ഉപദേശകന്‍ എന്ന പുതിയ പദവിയില്‍ ഗേറ്റ്സ് കമ്പനിയുടെ ബോര്‍ഡില്‍ തുടരും. ജോണ്‍ തോംസണ്‍ ആണ് പുതിയ ചെയര്‍മാന്‍.
സ്റ്റീവ് ബാല്‍മര്‍ക്ക് പകരമായാണ് 46-കാരനായ നഡെല്ല ചുമതലയേല്‍ക്കുന്നത്. 22 വര്‍ഷമായി മൈക്രോസോഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന നഡെല്ല കമ്പനിയുടെ ക്ലൌഡ് കമ്പ്യൂട്ടിംഗ് വിഭാഗത്തിന്റെ തലവനായിരുന്നു. മൈക്രോസോഫ്റ്റിന്റെ 38 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്നാമത്തെ സി.ഇ.ഒ ആണ് നഡെല്ല.
1992 മുതല്‍ മൈക്രോസോഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന നഡെല്ല ഹൈദരാബാദ് സ്വദേശിയാണ്. കമ്പനിക്ക് ഇതുവരെയും സ്വാധീനമുറപ്പിക്കാന്‍ കഴിയാത്ത സ്മാര്‍ട്ട്ഫോണ്‍, ടാബ്ലറ്റ് പി.സി എന്നീ മേഖലകളായിരിക്കും നഡെല്ലയുടെ പ്രധാന വെല്ലുവിളി.
