ബസ് ആക്സിഡന്റില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സിംഗപ്പൂരില്‍ ദക്ഷിണേഷ്യന്‍ വംശജര്‍ അക്രമം അഴിച്ചുവിട്ടു. 400-ല്‍ അധികം വരുന്ന പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീവെക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. 27 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരെ വൈകാതെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ കൂടുതലായി അധിവസിക്കുന്ന ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന പ്രദേശത്താണ് സംഭവം. സ്വകാര്യ ബസ് ഡ്രൈവറായ സിംഗപ്പൂര്‍ പൗരന്‍ 33-കാരനായ ഇന്ത്യക്കാരനെ ഇടിച്ചിടുകയായിരുന്നു. രോഷാകുലരായ ഇന്ത്യക്കാര്‍ ബസ് തല്ലിത്തകര്‍ത്തു. തുടര്‍ന്ന് മറ്റ് വാഹനങ്ങളും ആക്രമിക്കുകയായിരുന്നു. പത്ത് പോലീസുകാര്‍ക്കും നാല് സുരക്ഷാ സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ക്രമസമാധാനത്തിന് പേരുകേട്ട സിംഗപ്പൂരില്‍ ഇത്തരം അക്രമസംഭവങ്ങള്‍ അപൂര്‍വമാണ്. 40 വര്‍ഷത്തിനിടയില്‍ ഏറ്റവും ഭീകരമായ അക്രമമെന്നാണ് ചില പ്രാദേശിക മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത്തരം അക്രമം സിംഗപ്പൂര്‍ രീതിയില്ലെന്ന് പോലീസ് മേധാവി ങ്ങ് ജൂ ഹീ പ്രതികരിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ സിംഗപ്പൂര്‍ പൌരര്‍ ഇല്ലെന്നും ങ്ങ് കൂട്ടിച്ചേര്‍ത്തു.
അക്രമത്തിന് ഉത്തരവാദികളെ കണ്ടെത്തി സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ലീ ശിയെന്‍ ലൂങ്ങും പ്രതികരിച്ചു. എന്നാല്‍, സിംഗപ്പൂരിലെ നിര്‍മ്മാണ മേഖലയിലും മറ്റും കുറഞ്ഞ വേതനത്തില്‍ തൊഴിലെടുക്കുന്ന പ്രവാസി തൊഴിലാളികളെ കുറിച്ചുള്ള സംവാദത്തിനും സംഭവം കാരണമായിട്ടുണ്ട്. ഇത്തരം തൊഴിലാളികളുടെ ഇടയിലെ അസംതൃപ്തി സിംഗപ്പൂരില്‍ സാമൂഹ്യപ്രശ്നമായി മാറുകയാണ്. കഴിഞ്ഞ വര്‍ഷം ചൈനീസ് സ്വദേശികളായ 170 ബസ് ഡ്രൈവര്‍മാര്‍ നടത്തിയ നിയമവിരുദ്ധ പണിമുടക്ക് വര്‍ഷങ്ങള്‍ക്കിടയില്‍ സിംഗപ്പൂരില്‍ നടന്ന തൊഴില്‍ സമരമായിരുന്നു.

