Skip to main content
യുണൈറ്റഡ് നേഷന്‍സ്

un flag

 

ഐക്യരാഷ്ട്രസഭയുടെ മുന്‍കൈയില്‍ ഇന്റര്‍നെറ്റ്‌ സ്വകാര്യത ഉറപ്പ് വരുത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയേറുന്നു. യു.എസ് രഹസ്യാന്വേഷണ ഏജന്‍സി എന്‍.എസ്.എ 35 ലോകനേതാക്കളുടെ ഫോണ്‍ സംഭാഷണമടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയതായുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ ബ്രസീലും ജര്‍മനിയും വ്യാഴാഴ്ച ആരംഭിച്ച ശ്രമത്തിന് ഇതിനകം 19 രാഷ്ട്രങ്ങളുടെ പിന്തുണ ലഭിച്ചു. യു.എസ്സിന്റെ അടുത്ത സഖ്യകക്ഷികളായ ഫ്രാന്‍സും മെക്സിക്കോയും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.

 

എന്‍.എസ്.എയുടെ ലോകവ്യാപകമായ വിവരശേഖരണ പദ്ധതികള്‍ വെളിച്ചത്ത് വന്നതിന് ശേഷം ഇത്തരം നടപടികള്‍ നിയന്ത്രിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ആദ്യ ശ്രമമാണിത്. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്‌, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങളും മെക്സിക്കോ പ്രസിഡന്റ് എന്റിക് പെന നയറ്റോയുടെ ഇമെയിലും എന്‍.എസ്.എ ചോര്‍ത്തിയിരുന്നതായി മുന്‍ എന്‍.എസ്.എ ജീവനക്കാരന്‍ എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട രേഖകള്‍ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രേഖകള്‍ അനുസരിച്ച് ഒരു മാസക്കാലയളവില്‍ ഫ്രാന്‍സില്‍ ഏഴുകോടി ഫോണ്‍ സംഭാഷണങ്ങളും വിവരങ്ങളും എന്‍.എസ്.എ ചോര്‍ത്തിയതായും ഇതില്‍ രാഷ്ട്രീയനേതാക്കളും ബിസിനസ് മേഖലയിലുള്ളവരും ഉള്‍പ്പെടുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

 

സഖ്യകക്ഷികളുടേയും സുഹൃദ് രാജ്യങ്ങളിലെ നേതാക്കളുടേയും സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതായ വെളിപ്പെടുത്തലുകള്‍ യു.എസ് നയതന്ത്രജ്ഞരെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. എല്ലാ രാഷ്ട്രങ്ങളും ചാരപ്രവൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ടെന്നും വിവരങ്ങള്‍ ചോര്‍ത്താറുണ്ടെന്ന നിലപാടാണ് യു.എസ് പ്രസിഡന്റ് ഒബാമയുടേത്. എന്നാല്‍, വെളിപ്പെടുത്തലുകള്‍ യു.എസ് വിദേശകാര്യ ബന്ധങ്ങളെ ബാധിക്കുന്നു എന്ന് സമ്മതിച്ച ഒബാമ രഹസ്യാന്വേഷണ നയം പുന:പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഈ പുന:പരിശോധന എങ്ങനെയായിരിക്കുമെന്ന് വ്യക്തമായ അറിയിപ്പുകളൊന്നും ലഭ്യമല്ല.

 

ഈ പശ്ചാത്തലത്തിലാണ് യു.എസ്സിനെ നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും ഫലത്തില്‍ എന്‍.എസ്.എ പ്രവര്‍ത്തനങ്ങളെ ലക്ഷ്യം വെക്കുന്ന പ്രമേയം പൊതുസഭയില്‍ അവതരിപ്പിക്കാന്‍ ബ്രസീലും ജര്‍മ്മനിയും ശ്രമമാരംഭിച്ചത്. 1976-ലെ സിവില്‍-രാഷ്ട്രീയ അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ‘സ്വകാര്യതാ അവകാശങ്ങള്‍ ബഹുമാനിക്കണമെന്നും ബഹുമാനിക്കുന്നതായി ഉറപ്പ് വരുത്തണമെന്നും’ പ്രമേയത്തിന്റെ കരട് ആവശ്യപ്പെടുന്നു. ഈ അവകാശങ്ങളുടെ ലംഘനം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തങ്ങളുടെ അതിര്‍ത്തിയ്ക്ക് പുറത്ത് സ്വകാര്യ ആശയവിനിമയങ്ങളിലും വ്യക്തിപരമായ വിവരങ്ങളിലും നടത്തുന്ന കടന്നുകയറ്റം അനുവദിക്കുന്ന ആഭ്യന്തര നടപടിക്രമങ്ങളും നിയമങ്ങളും പുന:പരിശോധന നടത്താനും പ്രമേയം രാഷ്ട്രങ്ങളോട് ആവശ്യപ്പെടുന്നു. യു.എന്‍ പൊതുസഭയുടെ പ്രമേയങ്ങള്‍ അനുസരിക്കാന്‍ നിയമപരമായ ബാധ്യത അംഗരാഷ്ട്രങ്ങള്‍ക്കില്ല. ഈ പ്രമേയങ്ങള്‍ പ്രധാനമായും ഒരു ധാര്‍മിക ഉത്തരവാദിത്വമാണ് രാഷ്ട്രങ്ങള്‍ക്ക് മേല്‍ ചുമത്തുന്നത്.