സിറിയയില്‍ വിമതര്‍ നിരപരാധികളായ 190 പേരെ വധിക്കുകയും 200-ല്‍ അധികം പേരെ ബന്ദികളാക്കുകയും ചെയ്തതായി പ്രമുഖ മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. ആഗസ്ത് നാലിന് പുലര്‍ച്ചെ ലടാക്കിയ പ്രവിശ്യയിലാണ് സംഭവം നടന്നതെന്ന് വെള്ളിയാഴ്ച സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയിലെ പ്രതിപക്ഷം മാനവികതയ്ക്കെതിരായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിനുള്ള ആദ്യ തെളിവാണിതെന്ന് സംഘടന അവകാശപ്പെട്ടു.
ആഭ്യന്തര യുദ്ധം രണ്ടര വര്‍ഷത്തോളമായി തുടരുന്ന സിറിയയില്‍ സര്‍ക്കാര്‍ അനുമതിയോടെയാണ് ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് വാച്ച് തെളിവെടുപ്പ് നടത്തിയത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിന്റെ വംശമായ അലവി വിഭാഗത്തില്‍ പെട്ടവരെയാണ് പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിപക്ഷ സായുധ സംഘങ്ങള്‍ കൊലപ്പെടുത്തിയതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നു. പത്ത് ഗ്രാമങ്ങളിലാണ് അക്രമം നടന്നത്. ചില സംഭവങ്ങളില്‍ കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്തിയതായി സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍-ക്വൈദ ബന്ധമുള്ള ജഭാത് അല്‍-നുസ്ര അടക്കം അഞ്ച് പ്രതിപക്ഷ സംഘങ്ങളാണ് ലടാക്കിയ അക്രമങ്ങള്‍ക്ക് പിന്നിലെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നു.
സിറിയന്‍ പ്രശ്നം ഐക്യരാഷ്ട്ര രക്ഷാസമിതി എത്രയും പെട്ടെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കൈമാറണമെന്ന് സംഘടന ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലാണ് യുദ്ധക്കുറ്റങ്ങളും മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളും വിചാരണ ചെയ്യുക. സിറിയന്‍ സര്‍ക്കാറും ഈ രണ്ട് വിഭാഗത്തില്‍ പെടുന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനുള്ള തെളിവുകളും തങ്ങള്‍ സമാഹരിച്ചിട്ടുണ്ടെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

