യു.എസ് ശാസ്ത്രജ്ഞരായ ജയിംസ് റോത്മാന്‍, റാന്‍ഡി സ്കെക്മാന്‍, ജര്‍മന്‍ ശാസ്ത്രജ്ഞന്‍ തോമാസ് സുധോഫ് എന്നിവര്‍ക്ക് 2013-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം. ഹോര്‍മോണുകള്‍, എന്‍സൈമുകള്‍ തുടങ്ങിയ വസ്തുക്കള്‍ കോശത്തിനകത്ത് എങ്ങിനെ സഞ്ചരിക്കുന്നു എന്ന പഠനത്തിനാണ് പുരസ്കാരം.
കോശത്തിനകത്തെ ഈ ഗതാഗത സംവിധാനത്തില്‍ ഉണ്ടാകുന്ന തകരാറുകള്‍ പ്രമേഹത്തിനും നാഡീസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുകയും രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നവയാണെന്ന് നോബല്‍ പുരസ്കാര കമ്മിറ്റി ചൂണ്ടിക്കാട്ടി.
റോത്മാന്‍, 62, യേല്‍ സര്‍വകലാശാലയിലും സ്കെക്മാന്‍, 64, കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ബെര്‍ക്കിലി കാമ്പസിലും അധ്യാപകരാണ്. സുധോഫ്, 57, 2008 മുതല്‍ യു.എസ്സിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലാണ് പ്രവര്‍ത്തിക്കുന്നത്.
കോശ ഗതാഗതം സാധ്യമാക്കുന്ന രണ്ട് ജീനുകളെ കണ്ടെത്തിയത് സ്കെക്മാനാണ്. പ്രോട്ടീനുകള്‍ എങ്ങനെ ഈ പ്രവര്‍ത്തനത്തെ സഹായിക്കുന്നു എന്നത് മനസിലാക്കിയത് റോത്മാനാണ്. വസ്തുക്കളെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിക്കുന്നത് സംബന്ധിച്ച പഠനങ്ങളാണ് സുധോഫ് നടത്തിയത്.
റോത്മാനും സ്കെക്മാനും തങ്ങളുടെ ഗവേഷണങ്ങള്‍ക്ക് 2002-ലെ ആല്‍ബെര്‍ട്ട് ലാസ്കര്‍ പുരസ്കാരം നേടിയിരുന്നു. നോബലിന്റെ മുന്നോടിയായി കരുതപ്പെടുന്ന പുരസ്കാരമാണിത്.
ഇതോടെ ഈ വര്‍ഷത്തെ നോബല്‍ പുരസ്കാര പ്രഖ്യാപനങ്ങള്‍ക്കും തുടക്കമായി. അടുത്ത രണ്ടാഴ്ചകളിലായി ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും. 80 ലക്ഷം സ്വീഡിഷ് ക്രോണര്‍ ആണ് സമ്മാനത്തുക.
സ്വീഡിഷ് വ്യവസായിയായിരുന്ന ആല്‍ഫ്രഡ് നോബല്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം സ്റ്റോക്ക്ഹോമിലെയും ഓസ്ലോവിലെയും പുരസ്കാര നിര്‍ണ്ണയ സമിതികളാണ് തീരുമാനിക്കുന്നത്. 1901 മുതല്‍ നല്‍കിവരുന്ന പുരസ്കാരം സമ്മാനിക്കുക 1896-ല്‍ അന്തരിച്ച നോബലിന്റെ ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ പത്തിനാണ്.
കാണ്ഡകോശ ഗവേഷണത്തിലെ നേട്ടങ്ങള്‍ക്ക് ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍ ജോണ്‍ ഗര്‍ഡണും ജപ്പാനിലെ ഷിന്യ യമാനാകയുമാണ് കഴിഞ്ഞ വര്‍ഷം പുരസ്കാരത്തിനര്‍ഹരായത്.