Skip to main content
കാരക്കാസ്

മൂന്ന് യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ വെനസ്വേലന്‍ സര്‍ക്കാര്‍ പുറത്താക്കി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് ഇവരെ പുറത്താക്കിയത്.  വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. യു.എസ് പ്രസിഡന്റ് ബറാക് ഒബാമ എന്ത് നടപടി എടുത്താലും അത് തനിക്ക് പ്രശ്നമല്ല. ഒരു കൂട്ടം എംബസി ഉദ്യോഗസ്ഥരെ ഏതാനും മാസങ്ങളായി നിരീക്ഷിക്കുകയായിരുന്നു. ഇവര്‍ തീവ്ര വലതുപക്ഷക്കാരുമായി കൂടിക്കാഴ്ച നടത്തിയതിന് തെളിവ് ലഭിച്ചെന്നും മഡുറോ ആരോപിച്ചു. മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞ കെല്ലി കീഡര്‍ലിങ്ങിന്‍റെ പേര് ഇദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.

 

യു.എസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ വൈദ്യുതി വിതരണ മേഖല തകര്‍ക്കാന്‍ ശ്രമിച്ചതിന്റെയും ഉല്‍പാദനം കുറയ്ക്കുന്നതിനായി വിവിധ കമ്പനികള്‍ക്ക് കോഴ നല്‍കിയതിന്റെയും തെളിവ് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് മഡുറോ അറിയിച്ചു. അതേസമയം നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണം യു.എസ് നിഷേധിച്ചു. സര്‍ക്കാറിനെ തകര്‍ക്കാനുള്ള നീക്കം ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ലെന്നും ഇതുസംബന്ധിച്ച ഒരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും എംബസി അധികൃതര്‍ പറയുന്നു.

 

പുറത്താക്കിയ ഇവര്‍ 48 മണിക്കൂറിനകം രാജ്യംവിടണമെന്നും മഡുറോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.